നഗര സുരക്ഷയ്ക്ക് അവഞ്ചേഴ്സ് കമാൻഡോകൾ; പ്രവർത്തനം മൂന്ന് നഗരങ്ങളിൽ



തിരുവനന്തപുരം: കേരള പൊലീസിന് കീഴിൽ പ്രവർത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡായ ‘അവഞ്ചേഴ്സി’ന് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കി. തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ കീഴിലുള്ള തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തിന്റെ ഭാഗമായാണ് നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള കമാന്‍ഡോ വിഭാഗമായ അവഞ്ചേഴ്സ് രൂപീകരിച്ചത്.
മൂന്ന് നഗരങ്ങളിൽ

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും തീവ്രവാദ വിരുദ്ധ വിഭാഗം ഐജിയുടെ കീഴിൽ അവഞ്ചേഴ്സിന്റെ പ്രവർത്തനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും കമാൻഡോകളെ നിയോഗിച്ചേക്കും. ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഗര പ്രദേശങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങള്‍ നേരിടാൻ രൂപീകരിച്ച അവഞ്ചേഴ്സ് പ്രവർത്തിച്ചിരുന്നത്. ഡിജിപിയുടെ അപേക്ഷ പ്രകാരം സർക്കാരും അവഞ്ചേഴ്സ് രൂപീകരണത്തെ അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.

അപ്രതീക്ഷിത ആക്രമണങ്ങൾക്ക് തടയിടും

നഗര പ്രദേശങ്ങളിലെ അപ്രതീക്ഷിത ആക്രമണങ്ങൾക്ക് തടയിടാനും തീവ്രവാദ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സ്ഫോടക വസ്തുക്കള്‍ നശിപ്പിക്കുന്നതിനും പ്രത്യേക പരിശീലനം നൽകിയാണ് അവഞ്ചേഴ്സിന് രൂപം നൽകിയത്. ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്നും തെരഞ്ഞെടുത്ത കമാൻഡോകള്‍ക്കാണ് ഇതിനായി പരിശീലനം നൽകിയത്.


ഭീകരവാദ വിരുദ്ധ സ്ക്വാഡിലെ ഐജിയുടെയോ ഡിഐജിയുടേയോ നിയന്ത്രണത്തിലാകും ഈ വിഭാഗം പ്രവർത്തിക്കുക. പ്രത്യേക ഓപ്പറേഷനുമായോ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കോ അല്ലാതെ മറ്റു ചുമതലകളൊന്നും അവഞ്ചേഴ്സിന് നല്‍കില്ല. പോലീസിന്റെ പ്രത്യേക ഓപ്പറേഷനുകൾക്കായി മാത്രം തണ്ടർബോൾട്ട് കമാൻഡോകളിൽ നിന്ന് എടുത്ത പ്രത്യേക സേനയായി അവഞ്ചേഴ്‌സ് പരിപാലിക്കപ്പെടും.

ആദ്യഘട്ടത്തിൽ 96 കമാൻഡോകൾ

തുടക്കത്തിൽ, ഇത് 96 കമാൻഡോകളുമായിട്ടാകും വിംഗ് പ്രവർത്തനം തുടങ്ങുക. പിന്നീട് ഇത് വിപുലീകരിക്കും. ഇന്ത്യാ റിസർവ് ബറ്റാലിയനിലെ കമാൻഡോ വിഭാഗത്തിൽ നിന്നുള്ള തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരും പ്രത്യേക സേനയിലുണ്ടാകും. “നഗരമേഖലകളിൽ തീവ്രവാദം ഉയർത്തുന്ന ഭീഷണികളെ ഫലപ്രദമായി നേരിടാൻ കഴിയുന്ന ഒരു ലോകോത്തര നിലവാരത്തിലുള്ള കമാൻഡോ യൂണിറ്റ് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്” – ഉത്തരവിൽ പറയുന്നു.


കേരളത്തിലെ നഗരപ്രദേശങ്ങളിൽ തീവ്രവാദ ആക്രമണം മൂലമുണ്ടാകുന്ന ഏത് അടിയന്തരാവസ്ഥയെയും ഫലപ്രദമായി നേരിടാൻ കഴിവുള്ള ഒരു പ്രത്യേക ടീമാണ് ‘അവഞ്ചേഴ്‌സ് എന്ന് ഉത്തരവിൽ പറയുന്നു. വ്യക്തികൾ, സ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്‌ക്കെതിരായ തീവ്രവാദികളിൽ നിന്നുള്ള ഭീഷണി നിർവീര്യമാക്കുക, ബന്ദികളെ രക്ഷപ്പെടുത്തുക, തീവ്രവാദികളെ പിടികൂടുക, നഗരപ്രദേശങ്ങളിൽ പ്രത്യേക സ്വഭാവമുള്ള കമാൻഡോ ഓപ്പറേഷൻ ആവശ്യമായ മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവ കമാൻഡോ യൂണിറ്റിന്റെ പ്രാഥമിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

സാധാരണയായി മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിലാണ് ഇത്തരം കമാൻഡോ സേനകൾ രൂപീകരിക്കുന്നത്. സംസ്ഥാനം സന്ദർശിക്കുന്ന മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുള്ള വിഐപികളുടെ സുരക്ഷയ്ക്കായി പുതിയ സേനയെ ഫലപ്രദമായി ഉപയോഗിക്കുമെന്നും പൊലീസിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

Avengers commandos for city security; Operation in three cities
Previous Post Next Post