അഞ്ചുദിവസംകൊണ്ട് സമാഹരിച്ചത് 12 ലക്ഷം : മെഡിക്കൽ കോളേജിലേക്ക് ഒരു വെന്റിലേറ്റർ കൂടിവടകര: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വെന്റിലേറ്റർ വാങ്ങാൻ ജില്ലയിലെ ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോൾസെൻറ് കൗൺസലിങ്‌ സെൽ (സി.ജി. ആൻഡ് എ.സി.) അഞ്ചുദിവസംകൊണ്ട് സമാഹരിച്ചത് 12 ലക്ഷം രൂപ. ഒമ്പതുലക്ഷം രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും ജില്ലയിലെ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരും അധ്യാപക-അനധ്യാപക ജീവനക്കാരും വെന്റിലേറ്റർ ചലഞ്ച് ഹൃദയത്തിലേറ്റിയപ്പോൾ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ മെഡിക്കൽ കോളേജിന് ഒരു വെന്റിലേറ്റർ കൂടിയായി. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെയും കളക്ടറുടെയും സഹായഭ്യർഥനയ്ക്കു പിന്നാലെയാണ് സെൽ ഈയൊരു ദൗത്യം ഏറ്റെടുത്തത്.


മെഡിക്കൽ കോളേജിന് ഏറ്റവും അത്യാവശ്യമായി വേണ്ടിയിരുന്നത് ഐ.സി.യു. വെന്റിലേറ്ററാണ്. ഇക്കാര്യം പ്രിൻസിപ്പൽ പറഞ്ഞതിനുപിന്നാലെ സി.ജി. ആൻഡ് എ.സി. വെന്റിലേറ്റർ ചലഞ്ചിന് തുടക്കമിട്ടു. കരിയർ ഗൈഡുമാരും സൗഹൃദ കോ-ഓർഡിനേറ്റർമാരും വഴി പദ്ധതി എല്ലാ വിദ്യാലയങ്ങളിലെയും പ്രിൻസിപ്പൽമാരും അധ്യാപക അനധ്യാപകരും ഏറ്റെടുത്തു. അഞ്ചുദിവസംകൊണ്ട് 12 ലക്ഷം കിട്ടിയതോടെ ഇനി ആരും തുക നൽകേണ്ടതില്ലെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിക്കുകയായിരുന്നു. എന്നിട്ടും സഹായധനം ഒഴുകി. സർക്കാർ നിരക്കിൽത്തന്നെ വെന്റിലേറ്റർ നൽകാൻ കമ്പനി സമ്മതിച്ചതിനാൽ 11.60 ലക്ഷം രൂപയുടെ ഉപകരണം ഒമ്പതുലക്ഷം രൂപയ്ക്ക് കിട്ടും. ബാക്കി തുകയ്ക്ക് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ആവശ്യപ്പെട്ട ചെറിയ വെന്റിലേറ്ററായ എൻ.ഐ.വി.യും (നോൺ ഇൻവേസീവ് വെന്റിലേഷൻ) മൂന്ന് സിറിഞ്ച് പമ്പും വാങ്ങും. ഇതിനും ഓർഡർ നൽകി.

അടുത്തദിവസം തന്നെ ഇവ കൈമാറുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. പി.കെ. ഷാജി പറഞ്ഞു. ജില്ലാ ജോയന്റ് കോ-ഓർഡിനേറ്റർ മാധവാനന്ദ്‌ എന്നിവരും പദ്ധതിക്ക് നേതൃത്വം നൽകി.
Previous Post Next Post