കോഴിക്കോട്ടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തട്ടിപ്പ്: സൈബർ പൊലീസിന് പൊൻതൂവൽ; പണം കണ്ടെത്തി, അക്കൗണ്ട് ബ്ലോക് ചെയ്തു



കോഴിക്കോട് : കോഴിക്കോട്ട്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി തട്ടിപ്പ് നടന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബർ വിഭാഗം കണ്ടെത്തി. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. അകൗണ്ട് കേരളാ പൊലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തു. പ്രതിയെ കണ്ടെത്താൻ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം തുടങ്ങി. നാല് ജിയോ ട്രാൻസാക്ഷനുകളായിട്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും പൊലീസ് കണ്ടെത്തി. പൊലീസ് കത്ത് നൽകിയാൽ പണം നഷ്ടപ്പെട്ടയാൾക്ക് തിരിച്ചു കിട്ടും. 
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ സുഹൃത്തിന്‍റെ മുഖം നിര്‍മിച്ച് വീഡിയോ കോള്‍ ചെയ്ത ശേഷം പണം തട്ടിയെന്നാണ് 
കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്ണൻ പരാതി നൽകിയത്.  നാല്‍പ്പതിനായിരം രൂപ നഷ്ടമായത്. മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്‍റെ പേരിൽ വീഡിയോ കോളിലെത്തി തട്ടിപ്പുകാരൻ പണം  ആവശ്യപ്പെട്ടത്. 

കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നും വിരമിച്ച പി എസ് രാധാകൃഷ്ണനെത്തേടി ഈ മാസം ഒമ്പതിനാണ് സുഹൃത്തിന്‍റേതെന്ന പേരില്‍ ഫോണ്‍ എത്തിയത്. രാത്രി പലവട്ടം കോള്‍ വന്നിരുന്നെങ്കിലും എടുത്തില്ല. പിന്നീട് നെറ്റ് ഓണ്‍ ചെയ്തപ്പോള്‍ അതേ നമ്പറില്‍നിന്നും വാട്സാപില്‍ സന്ദേശങ്ങള്‍ കണ്ടു. കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു ഫോട്ടോ സഹിതമുള്ള സന്ദേശം. പിന്നാലെ വാട്സാപ് കോള്‍ വന്നു. 


പഴയ സുഹൃത്തുക്കളേക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ആരാഞ്ഞതോടെ സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആള്‍ക്ക 40000 രൂപ അയക്കാന്‍ ആവശ്യപ്പെടുന്നത്. താന്‍ ദുബൈയിലാണെന്നും മുംബൈ എത്തിയാലുടന്‍ പണം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. പിന്നാലെ വീഡിയോ കോളുമെത്തി. പണം അയച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് ഇത് സുഹൃത്ത് തന്നെയാണോ എന്ന സംശയം തോന്നിയത്. 

ഒടുവിൽ സുഹൃത്തിന്‍റെ പഴയ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്.  മറ്റു സുഹൃത്തുക്കള്‍ക്കും ഇതേയാളുടെ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണൻ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് ആളുകളുടെ മുഖവും ശബ്ദവുമൊക്കെ വ്യാജമായി നിര്‍മിച്ച് നടത്തിയ തട്ടിപ്പാണിതെന്നാണ് പൊലീസ് സംശയം. 

kozhikode ai camera bank money fraud Cyber crime police retrieve money

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post