കോഴിക്കോട് : ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പറന്നുപിടിച്ച് പോലീസ്. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന കോഴിക്കോട് ജില്ലയില്‍ ഡ്രോണുപയോഗിച്ചുള്ള പരിശോധനയില്‍ 15 പേര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.
കോഴിക്കോട് സിറ്റിയിലും റൂറലിലും പരിശോധന നടക്കുന്നുണ്ട്. സിറ്റിയില്‍ മാത്രമാണ് 15 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. റൂറല്‍ പോലീസ് പരിധിയില്‍ നാല് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധന തുടരുന്നുണ്ടെന്നും നിരവധി കേസുകള്‍ ഇതുവഴി പിടികൂടാനായെന്നും ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ് ദീപികയോട് പറഞ്ഞു.
സിറ്റിയില്‍ ബേപ്പൂര്‍, മാറാട്, നല്ലളം, ഫറോക്ക്, പന്തീരാങ്കാവ്, മെഡിക്കല്‍കോളജ്, വെള്ളയില്‍, എന്നീ സ്റ്റേഷന് പരിധിയിലെല്ലാം പരിശോധന തുടരുന്നുണ്ട്.
രണ്ട് ഡ്രോണുകളാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ അനുവദിച്ചിട്ടുള്ളത്. കണ്ട്രോള് റൂം അസി.കമ്മീഷണര്‍ സുരേന്ദ്രന്റെ മേല്‍നോട്ടത്തിലാണ് വിവിധ സ്റ്റേഷന് പരിധികളിലായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്.
റൂറലില്‍ തിരുവമ്പാടി, താമരശേരി, കോടഞ്ചേരി, കൊടുവള്ളി, മുക്കം, ബാലുശേരി, കാക്കൂര്‍ സ്റ്റേഷന് പരിധിയിലെല്ലാം ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയതായി താമരശേരി ഡിവൈഎസ്പി എന്‍.സി.സന്തോഷ് അറിയിച്ചു.
ഡ്രോണ്‍ പകര്‍ത്തുന്ന ദൃശ്യങ്ങളില്‍ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. വടകര, കൊയിലാണ്ടി, സ്റ്റേഷന് പരിധിയിലും പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് നിയമംലംഘിച്ചവരെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. രണ്ട് മുതല്‍ മൂന്നു കിലോമീറ്റര്‍ വരെയുള്ള ആകാശകാഴ്ചകള്‍ ഡ്രോണ്‍ വഴി പകര്‍ത്താനാവും.