കോവിഡിനിടെ ഡെങ്കിപ്പനി : ഇതുവരെ ബാധിച്ചത് 250-ഓളം പേർക്ക്



വടകര: കോവിഡ് കാലത്ത് വടകര മേഖലയിൽ ഡെങ്കിപ്പനി പിടിപെട്ടത് 250-ഓളം പേർക്ക്. നിലവിൽ ഇപ്പോഴും 80-ഓളംപേർക്ക് രോഗമുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ശക്തമാക്കുമ്പോഴും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കയുയർത്തുന്നുണ്ട്. മേയ് മാസത്തിൽ പെയ്ത മഴയിൽ വെള്ളം കെട്ടിക്കിടന്ന് അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകിയതാണ് വിനയായത്. മേയ് മാസത്തിലാണ് റിപ്പോർട്ട് ചെയ്ത ഡെങ്കി കേസുകളേറെയും. കോവിഡ് ലോക് ഡൗണിൽ ജനം വീട്ടിലിരുന്നപ്പോൾ വെള്ളക്കെട്ട് ശ്രദ്ധിച്ചില്ല. പൊതുസ്ഥലങ്ങളിലും പലയിടങ്ങളിലായി വെള്ളം കെട്ടിനിന്നു.

കോവിഡ് പ്രതിരോധത്തിലേക്ക് ആരോഗ്യവകുപ്പ് പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ പലയിടങ്ങളിലും മഴക്കാലപൂർവ ശുചീകരണവും നിലച്ചു. ഇതെല്ലാമായതോടെയാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പെരുകിയത്.

മണിയൂരിൽ 101, വില്യാപ്പള്ളിയിൽ 79

വടകരമേഖലയിൽ മണിയൂർ പഞ്ചായത്തിലാണ് ഏറ്റവുംകൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 101 കേസുകൾ. പതിനെട്ടാംവാർഡിൽ മാത്രം 32 കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇപ്പോൾ നാല്, അഞ്ച് വാർഡുകളിലും കേസുകളുണ്ട്. ഫോഗിങ്, ശുചീകരണം എന്നിവയെല്ലാം പലയിടങ്ങളിലായി നടക്കുന്നുണ്ട്. എന്നിട്ടും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

വില്ല്യാപ്പള്ളി പഞ്ചായത്തിൽ 79 പേർക്ക് ഇതുവരെ ഡെങ്കിപ്പനി ബാധിച്ചു. രണ്ട്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, ഒമ്പത്, 10, 13, 15, 16, 17, 18 വാർഡുകളിൽ ഡെങ്കി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 16-ാം വാർഡിൽ മാത്രം 21 കേസുകളുണ്ടായി. 53 പേർ വീടുകളിലും മൂന്നുപേർ ആശുപത്രിയിലും ചികിത്സയിലാണ്.

ചോറോട് പഞ്ചായത്തിൽ ഇതുവരെ 50-ഓളം കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറാമലയിൽ 17 പേർക്കാണ് ഡെങ്കിപ്പനിയുള്ളത്. ഒഞ്ചിയത്ത് മൂന്ന് കേസുകളുണ്ട്‌. തിരുവള്ളൂരിൽ ഒമ്പതുപേർക്കാണ് ഡെങ്കി പിടിപെട്ടത്. വടകര നഗരസഭയിൽ കഴിഞ്ഞദിവസം ഒരു കേസ് റിപ്പോർട്ട് ചെയ്തു. അതിനുമുമ്പ് നാലുപേർക്കാണ് രോഗംപിടിപെട്ടത്.

ശ്രദ്ധിക്കേണ്ടത് വീട്ടുകാർ

ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഓരോ വീട്ടുകാരുമാണ് ഏറെ ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വീടും പരിസരവും ഒന്നിടവിട്ടദിവസങ്ങളിൽ പരിശോധിച്ച് എവിടെയെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് നോക്കി ഇത് ഒഴിവാക്കണം. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പും സന്നദ്ധപ്രവർത്തകരും സന്ദർശിച്ചപ്പോൾ വെള്ളം കെട്ടിക്കിടക്കുന്ന ഒട്ടേറെ കുപ്പികളും മറ്റും വ്യാപകമായി കണ്ടു.

ഇത് ഒഴിവാക്കുകയാണ് ആദ്യംവേണ്ടത്. ഉറവിടനശീകരണം തന്നെയാണ് വലിയ പ്രതിരോധം. രോഗം വന്നശേഷം ആരോഗ്യവകുപ്പ് ഫോഗിങ് നടത്തുന്നുണ്ടെങ്കിലും ഇത് എല്ലായിടത്തും എത്തുന്നില്ലെന്ന പരാതിയുമുണ്ട്. ഒരുതവണ ഫോഗിങ് നടത്താൻതന്നെ വലിയ ചെലവാണ്. 10 ലിറ്റർ ഡീസലും രണ്ടുലിറ്റർ പെട്രോളും മാലത്തിയോണും വേണം. എല്ലായിടത്തും ആവശ്യക്കാരുള്ളതിനാൽ ഫോഗിങ് എല്ലായിടത്തും എത്തുന്നുമില്ല.
Previous Post Next Post