ജില്ലയിൽ ഗ്രാമപ്പഞ്ചായത്തുകളിൽ 116 വാർഡുകൾ കൂടും



പേരാമ്പ്ര: തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളുടെ എണ്ണവും സംവരണസീറ്റുകളുടെ എണ്ണവും പുനർനിർണയിച്ച് തദ്ദേശസ്വയംഭരണവകുപ്പിന്റെ ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാപഞ്ചായത്തുകളുടെയും വാർഡുകളുടെ എണ്ണമാണ് നിർണയിച്ചത്. വാർഡുകളുടെ എണ്ണത്തിൽ വർധന വരുത്താൻ സർക്കാർ നേരത്തേ തീരുമാനിച്ച് ഉത്തരവിറക്കിയതാണ്. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ വാർഡുകളുടെ അതിർത്തിനിർണയം ഇതിന്റെ തുടർച്ചയായി നടക്കും. ഇതിനായി ക്യൂഫീൽഡ് എന്ന മൊബൈൽ ആപ്ലിക്കേഷനും ഇത്തവണ ഉപയോഗിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലാപഞ്ചായത്തിൽ തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ട സീറ്റുകൾ 28 ആയിട്ടാണ് മാറുന്നത്. നിലവിലുള്ളതിൽനിന്ന്‌ ഒരെണ്ണം കൂടി. 14 വാർഡുകൾ സ്ത്രീസംവരണമാണ്. പട്ടികജാതിസംവരണം രണ്ടുവാർഡും പട്ടികജാതി സ്ത്രീ സംവരണം ഒരു വാർഡുമുണ്ട്. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ വടകര, ചേളന്നൂർ എന്നിവിടങ്ങളിൽ രണ്ടുവാർഡ്‌ വീതവും മറ്റിടങ്ങളിലെല്ലാം ഒാരോ വാർഡ്‌ വീതവും നിലവിലുള്ളതിൽനിന്ന്‌ വർധിക്കുന്നുണ്ട്. ജില്ലയിൽ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 169 വാർഡുകളാണ് നിലവിലുണ്ടായിരുന്നത്. ഇത് 14 വാർഡുകൾ വർധിച്ച് 183 ആകും.

ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുതലത്തിൽ പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിൽ നാല് വാർഡും കക്കോടി, ചേളന്നൂർ,പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കൊടിയത്തൂർ, കുരുവട്ടൂർ എന്നിവിടങ്ങളിൽ മൂന്ന് വാർഡ്‌ വീതവും അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം, ചെക്യാട്, പുറമേരി, തൂണേരി, വാണിമേൽ, കുന്നുമ്മൽ, നാദാപുരം, വില്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ, മേപ്പയ്യൂർ, ചെറുവണ്ണൂർ, നടുവണ്ണൂർ, അത്തോളി, ഉള്ളിയേരി, അരിക്കുളം, മൂടാടി, കാക്കൂർ, നരിക്കുനി, തലക്കുളത്തൂർ, തിരുവമ്പാടി, കിഴക്കോത്ത്, മടവൂർ, കാരശ്ശേരി, പെരുവയൽ, കടലുണ്ടി, കട്ടിപ്പാറ എന്നിവിടങ്ങളിൽ രണ്ട് വാർഡ്‌ വീതവും വർധിക്കുന്നു.

കോടഞ്ചേരിയിൽ വാർഡിന്റെ എണ്ണത്തിൽ മാറ്റമില്ല. ബാക്കിയുള്ള മറ്റു പഞ്ചായത്തുകളിൽ ഓരോ വാർഡ്‌ വീതവും വർധിക്കുന്നുണ്ട്. ജില്ലയിൽ 70 ഗ്രാമപ്പഞ്ചായത്തുകളിലായി 1226 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത് 116 എണ്ണം വർധിച്ച് 1342 ആകും.തദ്ദേശസ്ഥാപനവാർഡുകൾ പുനർനിർണയിച്ച് വിജ്ഞാപനമിറങ്ങി
Previous Post Next Post