കോഴിക്കോട്:നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സ്വകാര്യ ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെന്റ് ആർടിഒ ബി.ഷെഫീക്കിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിലും വിവിധ കേന്ദ്രങ്ങളിലും പരിശോധന നടത്തി. നിയമം ലംഘിച്ച 164 സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുത്തു. 2 ദിവസമായി 430 ബസുകളിൽ നടത്തിയ പരിശോധനയിൽ വേഗപ്പൂട്ട് പ്രവർത്തന ക്ഷമമല്ലാത്ത സ്വകാര്യ ബസുകൾ കണ്ടെത്തി. ബസുകളുടെ എമർജൻസി വാതിൽ തടസ്സപ്പെടുത്തി സീറ്റ് ഘടിപ്പിച്ചതും വായു നിയന്ത്രിത ഹോൺ, അലങ്കാര ലൈറ്റ് എന്നിവ ഘടിപ്പിച്ചതും കണ്ടെത്തി. ഗുരുതര തകരാറുകൾ കണ്ടെത്തിയ 6 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി.
തകരാറുകൾ കണ്ടെത്തിയ വാഹനങ്ങൾ എത്രയും വേഗം അപാകത പരിഹരിച്ച ശേഷം സർവീസ് നടത്താൻ ആർടിഒ നിർദേശിച്ചു. മൊത്തം 2,24,250 പിഴ ഈടാക്കി. അനധികൃതമായി ഉപകരണങ്ങൾ ഘടിപ്പിച്ചും മറ്റും നിയമം ലംഘിച്ച ബസുകൾ പൂർവ സ്ഥിതിയിലാക്കി 14 ദിവസത്തിനകം അതത് ആർടിഒ മുൻപാകെ ഹാജരാക്കണം. വേഗപ്പൂട്ട് വിഛേദിച്ച ബസുകൾ 2 ദിവസത്തിനകം ഘടിപ്പിച്ച് ആർടിഒ മുൻപാകെ ഹാജരാക്കി ഫിറ്റ്നസ് വാങ്ങിയില്ലെങ്കിൽ റദ്ദാക്കും.തുടർ ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർടിഒ അറിയിച്ചു.
ബസുകളിലെ നിയമ ലംഘനങ്ങൾ
∙ വേഗപ്പൂട്ട് വിഛേദിച്ച ബസുകൾ 48
∙ വായു നിയന്ത്രിത ഹോൺ ഘടിപ്പിച്ച ബസുകൾ 54
∙ എമർജൻസി വാതിൽ തടസ്സപ്പെടുത്തിയത് 27
∙ അലങ്കാര ലൈറ്റ് ഘടിപ്പിച്ചത് 20
∙ റബർ ഫ്ലാപ് ഇല്ലാത്ത ടയറുകൾ ഉള്ളത് 10
∙ ഫിറ്റ്നസ് ഇല്ലാത്തവ 5
rto check