പുതിയ സർക്കാർ; ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത യാഥാർഥ്യമാകുമെന്ന് പ്രതീക്ഷയിൽ മലയോരം

തിരുവമ്പാടി: പൊതുമരാമത്ത്, ടൂറിസം, വനംമന്ത്രിമാർ ജില്ലയിൽ നിന്നുള്ളവരായത് മലയോര മേഖലയുടെ വികസന പ്രതീക്ഷകൾക്കും ആക്കംകൂട്ടുന്നു. കഴിഞ്ഞ പിണറായി സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ തുരങ്കപാത തുടർനടപടികൾക്ക് ജീവൻവെക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മലയോര, കുടിയേറ്റ നിവാസികൾ. തന്റെ പ്രഥമ പരിഗണന തുരങ്ക പാതയ്ക്കായിരിക്കുമെന്ന് നിയുക്ത എം.എൽ.എ. ലിന്റോ ജോസഫ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസം തന്നെ പ്രഖ്യാപിച്ചതാണ്. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും വനംമന്ത്രി എ.കെ. ശശീന്ദ്രനും ജില്ലയിൽ നിന്നുള്ളവരായത് പ്രതീക്ഷകൾക്ക് ജീവൻ പകരുന്നതാണ്.

വയനാട് ചുരത്തിന് ബദലായുള്ള തുരങ്കപാത പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നാണ്. പൂർണമായും വനഭൂമിയിലൂടെയുള്ള പദ്ധതിക്ക്‌ വനം വകുപ്പിന്റെ സഹകരണം അനിവാര്യമാണ്. പ്രകൃതിരമണീയമായ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയായതിനാൽ ടൂറിസം പ്രതീക്ഷകൾക്ക് അനന്തസാധ്യതയാണുള്ളത്. പദ്ധതിയുടെ സാമൂഹിക, പാരിസ്ഥിതിക ആഘാതപഠനങ്ങൾ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കലാണ് പ്രധാന കടമ്പ. ഇതിനായി ശക്തമായി സമ്മർദം ചെലുത്തേണ്ടതുണ്ട്.



സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണ് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിന് നടപടി തുടങ്ങിയത്. 2020 സെപ്‌റ്റംബറിലാണ് സർവേ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാർഗമാണ് പുതിയ പാത. കഴിഞ്ഞ പിണറായി സർക്കാർ കിഫ്ബിയിൽനിന്ന് 658 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയ പദ്ധതിയാണിത്. മൊത്തം ആയിരം കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമാണച്ചുമതല. നിർമാണം തുടങ്ങി മൂന്ന് വർഷത്തിനകം പൂർത്തിയാക്കാൻ കഴിയും. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്ന് തുടങ്ങി വയനാട്ടിലെ മേപ്പാടി കള്ളാടിയിൽ അവസാനിക്കുന്നതാണ് പാത. കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്ന് മുതൽ കള്ളാടിവരെ വനത്തിലൂടെ കടന്നുപോകുന്ന ഏഴ് കിലോമീറ്റർ ദൂരത്തിലാണ് തുരങ്കം നിർമിക്കേണ്ടിവരുക. ആനക്കാംപൊയിലിൽനിന്ന് കേവലം 22 കിലോമിറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും. മലപ്പുറത്തുനിന്നും കോഴിക്കോട്ടു നിന്നും കർണാടകയിലേക്കുള്ള ദൈർഘ്യവും ഗണ്യമായി കുറയ്ക്കാനുതകുന്ന സ്വപ്നപദ്ധതിക്കാണ് ജീവൻവെക്കുന്നത്.

Previous Post Next Post