റോഡ് വികസനത്തിന് 37 കോടിയുടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്



ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 138 റോഡുകളുടെ വികസനത്തിനായി 37.1 കോടി രൂപയുടെ പദ്ധതികള്‍ക്ക്  ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകാരം നല്‍കി. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കടലുണ്ടി സ്റ്റേഡിയം, എടോണി പാലം, പാലക്കണ്ടിമുക്ക് പന്തപൊയില്‍ പാലം, പെരുമണ്ണ കളിസ്ഥലം,  മഞ്ഞത്തൊടി സ്റ്റേഡിയം,   ഇന്ദിരാഗാന്ധി സ്റ്റേഡിയം, കാവിലുംപാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയവയുടെ നിർമാണത്തിനും മത്തത്ത്താഴം റോഡ് സംരക്ഷണം, കാപ്പുമല കുടിവെള്ള പദ്ധതി, വഴുതിനപ്പാടം വികാസ് കാപ്പാട് കുടിവെള്ള പദ്ധതി തുടങ്ങിയവയ്ക്കും വിവിധ ഗ്രാമപഞ്ചായത്ത് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.2 കോടി രൂപയുടെ പദ്ധതികള്‍ പുതുതായി അംഗീകരിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി തീരുമാനങ്ങള്‍ പ്രകാരം വിവിധ പദ്ധതികള്‍ ഭേദഗതി ചെയ്തു. നെല്‍കൃഷി കൂലിചെലവ്, കതിരണി - തരിശുരഹിത ജില്ല, ക്ഷീര സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, പുതുപ്പാടി സീഡ് ഫാമില്‍ സി.സി.ടി.വി.സ്ഥാപിക്കലും പുതുപ്പാടി ഫാമിലെ മെതിക്കളത്തിന്റെ അറ്റകുറ്റപ്പണികളും, ഖാദി-കയര്‍ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ എന്നീ പദ്ധതികളാണ് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
മഞ്ചാംതറ ഖാദി കേന്ദ്രം, കോളിക്കടവ് ഖാദി ബോര്‍ഡ് കെട്ടിടം, തൂണേരി ബ്ലോക്ക് ഇരുമ്പുരുക്ക് വ്യവസായ സംഘം, മുചുകുന്ന് ഖാദി സംഘം, കൊടല്‍ നടക്കാവ് സഹകരണ സംഘം എന്നിവക്ക് 65 ലക്ഷം രൂപയുടെ ധനസഹായം നല്‍കുന്നതും വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍, കുന്നത്ത് വളയന്‍കിട പാടശേഖരം കൃഷി യോഗ്യമാക്കല്‍, പെരിങ്ങളം തോട് സംരക്ഷണം എന്നിവക്കായി 45 ലക്ഷം രൂപ നീക്കിവക്കുന്നതുമാണ് പുതിയ പദ്ധതികള്‍.

തിരുവമ്പാടി, നരിപ്പറ്റ, കായക്കൊടി, പനങ്ങാട് ഗ്രാമപഞ്ചായത്തുകളില്‍ മാതൃകാ അങ്കണവാടി നിര്‍മ്മാണത്തിന് 60 ലക്ഷം രൂപയുടെയും എടച്ചേരി, ഉള്ള്യേരി, അഴിയൂര്‍, ബാലുശ്ശേരി ഗ്രാമപഞ്ചായത്തുകളില്‍ വയോജന പാര്‍ക്ക് നിര്‍മ്മാണത്തിന് 54 ലക്ഷം രൂപയുടെയും വയോജനങ്ങള്‍ക്കുള്ള പകല്‍വീട് സായംപ്രഭ ഹോമുകളാക്കി മാറ്റുന്നതിന് കാവിലുംപാറ, ചക്കിട്ടപ്പാറ, ചേമഞ്ചേരി, ബാലുശ്ശേരി, കക്കോടി, മരുതോങ്കര, പെരുമണ്ണ, കുറ്റ്യാടി  ഗ്രാമപഞ്ചായത്തുകള്‍ക്ക് 40 ലക്ഷം രൂപയുടെയും പദ്ധതികള്‍ അംഗീകരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി. ശിവാനന്ദൻ, സെക്രട്ടറി ടി. അഹമ്മദ് കബീർ,  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീജ ശശി, റീന കെ.വി, എൻ.എം.വിമല, സുരേന്ദ്രൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post