മത്സ്യബന്ധന തുറമുഖം; സാധ്യത പഠനം അന്തിമഘട്ടത്തിൽ



വടകര: കുരിയാടി കേന്ദ്രമായി പുതിയൊരു മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പഠനം അന്തിമഘട്ടത്തിൽ. ഹാർബർ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പഠനം തുടങ്ങിയിട്ട് കുറേക്കാലമായെങ്കിലും കോവിഡും ലോക്ഡൗണുമെല്ലാം പഠനത്തിന് തടസ്സമായി. ഇനി പ്രധാനമായും പഠിക്കാനുള്ളത് കാറ്റിന്റെയും തിരമാലകളുടെയും ഗതിയും വ്യത്യാസങ്ങളുമാണ്. തുടർച്ചയായി 30 ദിവസം ഇതേക്കുറിച്ച് പഠിക്കണം.

പഠനം തുടങ്ങിയിരുന്നുവെങ്കിലും ഇടയ്ക്ക് ലോക്ഡൗൺ വന്നതോടെ ഇത് നിർത്തുകയായിരുന്നു. ഇനി വൈകാതെ തന്നെ ഇത് പൂർത്തിയാക്കുമെന്ന് ഹാർബർ എൻജിനിയറിങ് വിഭാഗം വ്യക്തമാക്കി. തുടർന്ന് പഠനറിപ്പോർട്ട് പുണെ സെന്റർ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന് (സി.ഡബ്ല്യു.പി.ആർ.എസ്.) കൈമാറും. പഠനറിപ്പോർട്ടുകൾ വിലയിരുത്തി ഇവിടേക്ക് യോജിച്ച ലേഔട്ട് ഇവരാണ് നിർദേശിക്കുക. ഇതിനുശേഷവും പഠനങ്ങൾ തുടരും.

ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനനാളുകളിലാണ് കുരിയാടിയിൽ തുറമുഖം സ്ഥാപിക്കുന്നതിന് പഠനം നടത്താനായി അനുമതി കിട്ടിയത്. 59 ലക്ഷംരൂപയാണ് ഇതിന് അനുവദിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പഠനം തുടങ്ങിയത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്. പരിസ്ഥിതി ആഘാതപഠനം ഉൾപ്പെടെയുള്ളവ നടക്കുന്നുണ്ട്. തുറമുഖം സ്ഥാപിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്ക് വേഗംകൂട്ടാനും ജനകീയമായ ഇടപെടൽ നടത്തുന്നതിനും കുരിയാടിയിൽ എല്ലാ രാഷ്ട്രീയകക്ഷികളും ക്ഷേത്രക്കമിറ്റിയും പള്ളിക്കമ്മിറ്റിയുമെല്ലാംചേർന്ന് ഒരു കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. 35 അംഗങ്ങളുള്ള കമ്മിറ്റിയാണിത്.

വർഷങ്ങളായുള്ള ആവശ്യം

കുരിയാടി കേന്ദ്രീകരിച്ച് മത്സ്യബന്ധന തുറമുഖം സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ഒരുകാലത്ത് വടകര മേഖലയിലെതന്നെ പ്രധാനപ്പെട്ട മത്സ്യഗ്രാമമായിരുന്നു ഇവിടം. ഇപ്പോഴും ഈ പാരമ്പര്യത്തിന് മാറ്റമില്ല. ചെറുതും വലുതുമായ മത്സ്യബന്ധന വള്ളങ്ങളുള്ളവർ 150-ഓളം വരും. മത്സ്യത്തൊഴിലാളികളും ഒട്ടേറെയുണ്ട്. നേരത്തെ ഇവിടെ ഫിഷ് ലാൻഡിങ് സെന്റർ ഉണ്ടായിരുന്നു. ചോമ്പാലയിൽ മത്സ്യബന്ധനതുറമുഖം വന്നതോടെ ഇവിടെയുള്ളവരെല്ലാം അങ്ങോട്ടേക്ക് മാറി. ഫിഷ് ലാൻഡിങ് സെന്റർ ഇപ്പോൾ പേരിനുമാത്രമാണ്.

വള്ളം ഇവിടേക്ക് അടുപ്പിക്കാൻ കഴിയില്ല. മാത്രമല്ല കടലേറ്റത്തിൽ ഫിഷ് ലാൻഡിങ് സെന്റർ കെട്ടിടംവരെ ഭീഷണിയിലാണ്. കുരിയാടിയിൽ മത്സ്യബന്ധനതുറമുഖം വന്നാൽ മുട്ടുങ്ങൽമുതൽ പയ്യോളിവരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കുരിയാടി, വടകര ബീച്ച്, അഴിത്തല എന്നിവിടങ്ങളിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേകിച്ചും.
Previous Post Next Post