റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി



പൊതുമരാമത്ത് വകുപ്പ്  റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് PWD 4U പുറത്തിറക്കി. എട്ടാം തീയതി ( ചൊവ്വാഴ്ച) വൈകുന്നേരം മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാനാകും. ഐ ഒ എസ് വേർഷൻ പിന്നീട് ലഭ്യമാകും.  പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ഐ എ എസ് , ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ഈ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ കൂടി വരുത്തും. പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പ്രശ്നങ്ങളും പരാതികളും ഫോട്ടോ സഹിതം ഈ ആപ്പിൽ അപ്‌ലോഡ് ചെയ്യാനാകും. പരാതിയുടെ തുടർനടപടികൾ സമയങ്ങളിൽ അറിയുന്നതിനും ആപ്പ് വഴി സാധിക്കും.

പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികൾ മാത്രമാണ് ഈ ആപ്പിലൂടെ പരിഹരിക്കാനാകുക.പൊതുമരാമത്ത് വകുപ്പിലെ റോഡുകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി നടന്നു വരികയാണ്. ഡിജിറ്റലൈസ് ചെയ്ത 4000 കിലോമീറ്റർ റോഡുകളുടെ വിവരം ഈ ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ 4000 കിലോമീറ്ററിലെ വിവരം അപ്‌ലോഡ് ചെയ്താൽ ഉടൻ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. 29,000 കിലോമീറ്ററോളം റോഡിൻ്റെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാനുണ്ട്. ഇത് നടന്നു വരികയാണ്. ഈ റോഡുകളെ സംബന്ധിക്കുന്ന വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ കേന്ദ്രീകൃത സംവിധാനത്തിലെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
   
 പൊതുമരാമത്ത് വകുപ്പ് പ്രവർത്തനങ്ങൾ 
കൂടുതൽ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കുന്നത്. ജനങ്ങളുടെ അഭിപ്രായം കേൾക്കുകയും പ്രായോഗികമായ നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെ പങ്കാളിത്തവും  ഈ ആപ്പ് ലക്ഷ്യത്തിലെത്തിക്കാൻ പ്രധാനമാണ്. പൊതുമരാമത്ത് വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയും അഭ്യർത്ഥിക്കുന്നു.
Previous Post Next Post