പേരാമ്പ്ര: പഞ്ചായത്തിലെ കാക്കക്കുനി മൈതാനം ആധുനിക സിന്തറ്റിക് സ്റ്റേഡിയമാക്കുന്നത് പരിഗണനയിൽ. നബാർഡിന്റെ സഹായധനം ലഭ്യമാക്കി സ്റ്റേഡിയം നിർമിക്കാനാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് അഞ്ചുകോടിയുടെ പദ്ധതിരേഖ തയ്യാറാക്കി സമർപ്പിച്ച് നബാർഡിന്റെ അംഗീകാരം ലഭിക്കണം. ഇതിന് മുന്നോടിയായി സാധ്യതാപഠനം നടത്താൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എൻജിനിയറിങ് വിഭാഗവും സ്ഥലം സന്ദർശിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ നാല് ഏക്കർ സ്ഥലം ഇവിടെയുണ്ട്. സ്റ്റേഡിയം യാഥാർഥ്യമായാൽ ക്രിക്കറ്റ്, ഫുട്‌ബോൾ ഉൾപ്പെടെ കായികമത്സരങ്ങൾക്ക് മികച്ചവേദിയാകും. പഞ്ചായത്തിൽ നല്ല സ്റ്റേഡിയമൊന്നും നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ കായികതാരങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് പുതിയ പദ്ധതിയെ നോക്കിക്കാണുന്നത്.
ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ടി. അഷറഫ്, വഹീദ പാറേമ്മൽ, ബി.ഡി.ഒ. പി.വി. ബേബി, ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സൂരജ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.