
കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്നും (ജൂലൈ 15) നാളെയും മെഗാ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രാഥമിക- സാമൂഹ്യ- കുടുംബ- ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രി എന്നിവടങ്ങളിലുമാണ് പരിശോധന നടത്തുക. കോവിഡ് ലക്ഷണമുള്ളവര്‍, കോവിഡ് രോഗി വീട്ടിലുള്ളവര്‍ എന്നിവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും അല്ലാത്തവര്‍ക്ക് ആന്റിജന്‍ പരിശോധനയുമാണ് നടത്തുക. ഈ ഗണങ്ങളില്‍ ഉള്‍പ്പെടുന്ന പരമാവധി ആളുകള്‍ സമീപത്തെ ആരോഗ്യകേന്ദ്രത്തിലെത്തി മെഗാ പരിശോധനയില്‍ പങ്കെടുക്കണം.
ഓരോ ദിവസവും 10,000 വീതം ആര്‍ടിപിസിആര്‍ പരിശോധനയും 20,000 വീതം ആന്റിജന്‍ പരിശോധനയും നടത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഓരോ സ്ഥാപനത്തിലും പരിശോധനക്ക് പരിശീലനം ലഭിച്ചവരെ വിന്യസിച്ചതിനു പുറമേ മൊബൈല്‍ പരിശോധന യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. പരിശോധനാ കിറ്റുകള്‍ അതത് കേന്ദ്രങ്ങളില്‍ എത്തിച്ചുകഴിഞ്ഞു. രാവിലെ ഒമ്പതിന് പരിശോധന ആരംഭിക്കും.
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ജെഡിറ്റി കോംപ്ലക്സ്, പുതിയറ എസ്.കെ.ഹാള്‍, ടാഗോര്‍ ഹാള്‍, സമുദ്ര ഓഡിറ്റോറിയം, എലത്തൂര്‍, ചെറുവണ്ണൂര്‍, നല്ലളം, ബേപ്പൂര്‍, രാമനാട്ടുകര, ഫറോക്ക്, കൊയിലാണ്ടി ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക.
Tags:
Covid 19