കുന്ദമംഗലം: നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനായി നടത്തുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തീരുമാനമായി. പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പിന്റേയും കേരളാ വാട്ടര്‍ അതോറിറ്റി യുടേയും ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്.
പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ള റോഡുകളില്‍ ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച ഇടങ്ങളില്‍ പൈപ്പ്‌ലൈന്‍ ഇടുന്നത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതല സംയുക്ത പരിശോധന നടത്തും. ജലജീവന്‍ പദ്ധതിയില്‍ പൈപ്പ്‌ലൈന്‍ ഇന്റര്‍ കണക്ട് ചെയ്യുന്നതിന് ലഭിച്ച അപേക്ഷകളെല്ലാം അനുവദിക്കുന്നതിനും ബി.എം.ബി.സി ചെയ്ത റോഡുകളില്‍ കെ.ഡബ്ല്യു.എയുടെ പ്രവൃത്തികള്‍ മാന്വലായി ചെയ്യുന്നതിനും തീരുമാനിച്ചു.
പൈപ്പ്‌ലൈന്‍ ഇടുന്നതിന് കിടങ്ങ് കീറിയ പഞ്ചായത്ത് റോഡുകള്‍ ടാറിംഗ് ചെയ്യുന്നത് സംബന്ധിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനും ടാറിംഗിന് വേണ്ടി വകയിരുത്തുന്ന തുക കെ.ഡബ്ല്യു.എ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് കൈമാറുന്നതിനും തീരുമാനിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് വി അനില്‍ കുമാര്‍, പി.ഡബ്ല്യു.ഡി അസി. എക്‌സി. എഞ്ചിനീയര്‍ ജി.കെ വിനീത് കുമാര്‍, കെ.ഡബ്ല്യു.എ അസി. എക്‌സി. എഞ്ചിനീയര്‍മാരായ പി.കെ നന്ദകുമാര്‍, ടി രവീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പിലേയും വാട്ടര്‍ അതോറിറ്റിയിലേയും എഞ്ചിനീയര്‍മാരായ ജി ബിജു, കെ ഷമേജ്, സി.ടി പ്രസാദ്, ആര്‍ റീന, പി മുനീര്‍ അഹമ്മദ്, വി.എ ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.