
ബാലുശ്ശേരി: കോഴിക്കോട് - ബാലുശ്ശേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരട് വിജ്ഞാപനമായി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി, വീട്, കച്ചവടസ്ഥാപനങ്ങൾ എന്നിവ നഷ്ടപ്പെടുന്നവരുടെ പേരുവിവരങ്ങളും പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള തുകയുമാണ് കരട് വിജ്ഞാപനത്തിലുള്ളത്.
4.212 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിൽ 250-ഓളം കച്ചവടസ്ഥാപനങ്ങളും എട്ട് വീടുകളും ഉൾപ്പെടും. കോഴിക്കോട് താലൂക്കിലെ കച്ചേരി, വേങ്ങേരി, കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, എന്നീ വില്ലേജുകളിലെയും താമരശ്ശേരി താലൂക്കിലെ ശിവപുരം, പനങ്ങാട്, വില്ലേജുകളിലെ ഭൂമിയുമാണ് ഏറ്റെടുക്കുന്നതിൽ ഉൾപ്പെടുന്നത്. നഞ്ച, തോട്ടം, വിഭാഗത്തിൽപ്പെടുന്ന ഭൂമിയാണ് ഏറ്റെടുക്കുന്നത് എന്നും കൃഷിഭൂമി ഉൾപ്പെട്ടിട്ടില്ല എന്നുമാണ് വിജ്ഞാപനത്തിൽ പറയുന്നത്.
കച്ചേരി, വേങ്ങേരി, കാക്കൂർ, നന്മണ്ട, കക്കോടി, ചേളന്നൂർ, വില്ലേജുകളിൽ ഉൾപ്പെടുന്ന യഥാക്രമം 34, 47, 8, 7, 95, 47, എണ്ണം കച്ചവടസ്ഥാപനങ്ങൾ റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നതിൽ ഉൾപ്പെടും. കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്ക് വരെ 20.300 കിലോമീറ്ററാണ് റോഡ് വികസനം. കിഫ്ബിയിൽ ഉൾപ്പെടുത്തി 89.25 കോടിയാണ് റോഡ് വികസനത്തിനനുവദിച്ചത്.
കാരപ്പറമ്പ് മുതൽ കക്കോടിപ്പാലം വരെ 18 മീറ്റർ വീതിയിലും കക്കോടി പഞ്ചായത്ത് ഓഫീസ് മുതൽ ബാലുശ്ശേരി മുക്കുവരെ 12 മീറ്ററിലുമാണ് റോഡ് വീതികൂട്ടുന്നത്.
കാരപ്പറമ്പ് മുതൽ കക്കോടിപ്പാലം വരെ 15 മീറ്ററിൽ നാലുവരിപ്പാതയും ബാക്കി ഒന്നരമീറ്റർ വീതം ഇരുഭാഗത്തും ഓവുചാലുമാണ് നിർമിക്കുന്നത്. വൈദ്യുതി, ടെലിഫോൺ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ഹെക്ടറുമുണ്ടാവും. റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡിനാണ് (റിക്ക്) നിർമാണച്ചുമതല.
15 വർഷം മുൻപ് സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പാതകളിലൊന്നായിരുന്ന കോഴിക്കോട്-ബാലുശ്ശേരി റോഡ് ഇപ്പോൾ പലയിടത്തും തകർന്നുകിടക്കുകയാണ്. ജപ്പാൻ കുടിവെള്ളപദ്ധതിക്കായി റോഡ് കീറിയതുമുതലാണ് കഷ്ടകാലം തുടങ്ങിയത്.