കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 50 ലക്ഷത്തിലധികം വിലവരുന്ന എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. നിലമ്പൂർ പനങ്കയം വടക്കേടത്ത് വീട്ടിൽ ഷൈൻഷാജി(22)ആണ് 52 ഗ്രാം എം.ഡി.എം.എ.യുമായി എക്സൈസ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ 10.45-ന് എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹനപരിശോധനയ്ക്കിടെ പാലാഴിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. എക്സൈസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച വാഹനത്തെ പിന്തുടർന്നാണ് പിടികൂടിയത്. യുവാക്കളെയും കോഴിക്കോട്ടെ നിശാപാർട്ടി സംഘാടകരെയും ലക്ഷ്യംവെച്ച് ആലുവായിൽ നിന്ന് കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതി മൊഴി നൽകി. രണ്ടാഴ്ച മുമ്പ് കോഴിക്കോട്ട് നിന്ന് എക്സൈസിന്റെ നേതൃത്വത്തിൽ എം.ഡി.എം.എ. പിടികൂടിയിരുന്നു.ഈ കേസിൽ രണ്ടുപേർ പിടിയിലായിരുന്നു.
ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് വലിയതോതിൽ എത്തിക്കുന്ന എം.ഡി.എം.എ. തൃശ്ശൂർ, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകളിലെ ഡീലർമാർ വിൽപ്പന നടത്തുന്നതാണ് രീതി. ജില്ലയിലേക്ക് വൻ തോതിൽ എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ, ഇന്റലിജൻസ് എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ എം. അബ്ദുൾഗഫൂർ, ടി. ഗോവിന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. അജിത്, അർജുൻവൈശാഖ്, എൻ. സുജിത്ത്, വി. അശ്വിൻ, എക്സൈസ് ഡ്രൈവർ പി. സന്തോഷ്‌കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.