വലിയങ്ങാടി ഇരുട്ടിൽ തപ്പുന്നു



കോഴിക്കോട്: വലിയങ്ങാടിയിലെ പ്രകാശിക്കാത്ത വിളക്കുകാലുകൾ അവഗണനയുടെ സ്മാരകങ്ങളാവുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഇവിടുത്തെ തെരുവ് വിളക്കുകൾ കണ്ണടച്ചിരിപ്പാണ്. വിളക്കുകൾ തെളിയാതായതോടെ വ്യാപാരികളും വഴിയാത്രികരും ചരക്കുവാഹനങ്ങളിൽ വരുന്നവരുമെല്ലാം ഒരുപോലെ ദുരിതത്തിലാണ്. പതിനാല് തെരുവ് വിളക്കുകളാണ് വലിയങ്ങാടിയിലുളളത്. ഇതിൽ പന്ത്രണ്ട് വിളക്കുകളും പ്രകാശിക്കുന്നില്ല. രണ്ടെണ്ണം ഇഷ്ടമുളളപ്പോൾ കത്തും. കടകൾ അടച്ചാൽ വലിയങ്ങാടി പൂർണമായും ഇരുട്ടിലാണ്.

മേൽക്കൂര പണിതതോടെ പകൽ സമയങ്ങളിൽ പോലും വലിയങ്ങാടിയിൽ ഇരുട്ടാണ്. ഇതിന് പരിഹാരമായി മേൽക്കൂരയ്ക്ക് താഴെ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുമെന്ന് അറിയിച്ചതല്ലാതെ നടപ്പാക്കിയിട്ടില്ല. പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും വന്നുനോക്കാൻ പോലും തയ്യാറായിട്ടില്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായെത്തുന്ന ലോറികളും മറ്റ് വാഹനങ്ങളും രാത്രിയിൽ ഇവിടെ പതിവായി നിറുത്തിയിടുന്നത് അപകടത്തിന് വഴിവെക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ വലിയങ്ങാടിയിൽ നൂറു കണക്കിന് കടകളാണുള്ളത്. നിലവിൽ കടകൾക്ക് രാത്രി 9 വരെ പ്രവർത്തിക്കാമെങ്കിലും കച്ചവടം കുറഞ്ഞത് കാരണം വൈകീട്ട് ഏഴ് മണിക്കുള്ളിൽ കടകളടക്കും. ഇതോടെ ഇവിടം ഇരുട്ടിൽ മുങ്ങും. കുറ്റിച്ചിറ, ഗുജറാത്തി സ്ട്രീറ്റ്, ബീച്ച് തുടങ്ങിയ ഭാഗങ്ങളിലേക്കുള്ളവർ ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. കൂടാതെ റെയിൽവേ സ്‌റ്റേഷനിലേക്കും മറ്റും നടന്നു പോകുന്ന യാത്രക്കാർക്കും വെളിച്ചകുറവ് വെല്ലുവിളി സൃഷ്ടിക്കുകയാണ്. വെളിച്ചം ഇല്ലാത്തതിനാൽ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്.
Previous Post Next Post