തിരുവനന്തപുരം:സംസ്ഥാനത്ത് സിക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 66 സിക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രോഗം ബന്ധിച്ചവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഇതോടൊപ്പം ഊര്‍ജിത കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും കുറയ്ക്കാനും സാധിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലുകളാണ് സിക്കയെ ഇത്രവേഗം പ്രതിരോധിക്കാനായത്. തദ്ദേശ സ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. സിക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ 9,18,753 പേരെയാണ് സ്‌ക്രീന്‍ ചെയ്തത്. പനി, ചുവന്ന പാടുകള്‍, ശരീര വേദന തുടങ്ങിയ രോഗലക്ഷണമുള്ള 1569 പേരെ ഭവനസന്ദര്‍ശനം നടത്തി കണ്ടെത്തി. അതില്‍ രോഗം സംശയിച്ച 632 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 66 പേരിലാണ് രോഗം കണ്ടെത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്ത് ആദ്യമായി ജൂലൈ 8ന് സിക വൈറസ് സ്ഥിരീകരിച്ചത്.