കയാക്കിങ് മാമാങ്കമില്ലാതെ മലയോരത്തിൻ ഇത് രണ്ടാംവർഷം



കോടഞ്ചേരി: ചാലിപ്പുഴയും ഇരുവഞ്ഞിപ്പുഴയും നിറഞ്ഞൊഴുകിത്തുടങ്ങുമ്പോൾ മനസ്സിൽ ആധിയായിരുന്നെങ്കിലും കുത്തൊഴുക്കിൽ തുഴയെറിയാൻ അവരെത്തുമല്ലോ എന്ന പ്രതീക്ഷയായിരുന്നു മറുവശത്ത്. ഒപ്പം പട്ടിണിയിലേക്കടുക്കുന്ന കുടുംബത്തെ കരകയറ്റാം എന്ന ആശ്വാസവും.  എന്നാൽ, വില്ലനായെത്തിയ കോവിഡ് കഴിഞ്ഞ രണ്ടുവർഷമായി ഏക ജീവിതമാർഗം ഇല്ലാതാക്കിയ ദുരിതകഥ പറഞ്ഞുതുടങ്ങുകയായിരുന്നു മുൻവർഷങ്ങളിൽ തുടർച്ചയായി കയാക്കിങ്ങിനുവേണ്ട പന്തലും റാംപുമെല്ലാം ഒരുക്കിയ ആനക്കാംപൊയിൽ മഞ്ഞുവയൽ സ്വദേശി മധു.  ഇദ്ദേഹത്തെപ്പോലെ ഒട്ടേറെപ്പേരാണ് കയാക്കിങ് മുന്നിൽക്കണ്ട് വീട് മോടിപിടിപ്പിച്ചും കടകൾ നവീകരിച്ചും ദുരിതത്തിലായത്. ഓരോ വർഷവും കയാക്കിങ് എത്തുന്നതോടെ മലയോരത്താകെ ഉത്സവാന്തരീക്ഷമാണ്. വീടുകളും കടകളും പൊതുയിടങ്ങളും മലയോരത്തെ ഓളപ്പരപ്പിൽ തുഴയെറിയാൻ എത്തുന്നവരെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുന്ന കാലം. മലയോര മാമാങ്കമായി അറിയപ്പെട്ടിരുന്ന കയാക്കിങ് മത്സരം ഇത്തവണയും നടക്കില്ലെന്നറിഞ്ഞതോടെ എല്ലാവരും നിരാശയിലായി.

കയാക്കിങ് കഴിയുന്നതോടെ ലക്ഷങ്ങളുടെ വരുമാനമാണ് വിവിധ മാർഗങ്ങളിലൂടെ മലയോരത്തെത്തിയിരുന്നത്. വിദേശികളടക്കം ഒട്ടേറെ മത്സരാർഥികൾ മാസങ്ങൾക്കുമുമ്പേ മലയോരത്തെത്തും.  ഹോട്ടലിനുപുറമേ പ്രദേശത്തെ വീടുകളുടെ രണ്ടാം നിലയിലും വീട്ടുകാരോടൊപ്പവും ഇവർ താമസമുറപ്പിക്കും. ഇതുവഴി വരുമാനമുണ്ടാക്കിയവരും ഇപ്പോൾ നിരാശയിലാണ്. പാശ്ചാത്യ ഭക്ഷണവിഭവങ്ങൾമുതൽ കേരളത്തിലെ തനി നാടൻ രുചിക്കൂട്ടുകൾവരെ ഇവർക്കായി മലയോരത്ത് ഒരുക്കാറുണ്ടായിരുന്നു. 

കയാക്കിങ് കാലത്തെ ഹോട്ടലിലെ പൊടിപൊടിച്ച കച്ചവടം ഉടമകൾക്ക് ഓർമമാത്രമായി. കോടഞ്ചേരിയെ ലോക ടൂറിസം ഭൂപടത്തിലേക്കുയർത്തിയ കായികവിനോദമായിരുന്നു കയാക്കിങ്. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞവർഷങ്ങളിൽ മത്സരം സംഘടിപ്പിച്ചിരുന്നത്. മീൻതുള്ളിപ്പാറ, അരിപ്പാറ, ആനക്കാംപൊയിൽ, പുലിക്കയം എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ നടത്താറ്.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് 22-ൽപരം രാജ്യത്തെ മത്സരാർഥികൾ ഇവിടെ തുഴയെറിയാൻ എത്തിയിട്ടുണ്ടായിരുന്നു. കോവിഡ് ഭീതി മാറി വരുംവർഷം മത്സരങ്ങൾ സംഘടിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

പുത്തൻ പ്രതീക്ഷയേകി കയാക്കിങ് അക്കാദമി 

മലയോരത്തെ ടുറിസം സ്വപ്നങ്ങൾക്ക്‌ പുതിയ പ്രതീക്ഷ നൽകിക്കൊണ്ടാണ് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോടഞ്ചേരി പുലിക്കയത്ത് പുതിയ കയാക്കിങ് അക്കാദമിയുടെ ശിലാസ്ഥാപനം നടത്തിയത്. 

കായികപ്രേമികളുടെയും നാട്ടുകാരുടെയും വർഷങ്ങൾനീണ്ട ആവശ്യത്തിനാണ് ഇതോടെ ഫലപ്രാപ്തിയായത്. കയാക്കിങ് അക്കാദമി വരുന്നതോടെ മലയോരത്തെ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. 

കൂടാതെ, ജില്ലയിലെ പ്രധാന വിനോദസഞ്ചാരമേഖലകളെ ബന്ധിപ്പിച്ചുള്ള മലയോരഹൈവേ നിർമാണം പുരോഗമിക്കുന്നു. ഇതെല്ലാം മലയോരത്തിന്റെ ടൂറിസം ഭാവി ശോഭനമാക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. 

പ്രതിസന്ധി നമ്മൾ മറികടക്കും 

കോവിഡ് പ്രതിസന്ധി സർവമേഖലകളിലുമെന്നോണം നമ്മുടെ കയാക്കിങ് മത്സരത്തെയും ബാധിച്ചു. വരുംവർഷങ്ങളിൽ കൂടുതൽ ഭംഗിയായി മത്സരങ്ങൾ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. കയാക്കിങ് അക്കാദമിയുടെ നിർമാണം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കും. മലയോര ഗ്രാമപ്പഞ്ചായത്തുകൾ കേന്ദ്രമാക്കി കൂടുതൽ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കാനും ശ്രമിക്കുന്നുണ്ട്. 

ലിന്റോ ജോസഫ്

തിരുവമ്പാടി എം.എൽ.എ.

Previous Post Next Post