
തിരുവനന്തപുരം:ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിന്റെ കാൾ സെന്റർ സംവിധാനം നിലവിൽ വന്നു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിങ് സിസ്റ്റം എന്ന സംവിധാനത്തിൻ കീഴിലാണ് കേരള സർക്കാർ ഒരു കേന്ദ്രീകൃത കാൾ സെന്റർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാൾ സെന്ററിലേക്ക് സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്നവർക്ക് തങ്ങളുടെ പരാതി സംസ്ഥാനത്തിന്റെ ഏതു ഭാഗത്തു നിന്നും 155260 എന്ന ടോൾ ഫ്രീ നമ്പറിൽ തത്സമയം അറിയിക്കാവുന്നതാണ്.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം (പരമാവധി 48 മണിക്കൂർ ) പരാതി 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കേണ്ടതാണ്. കാൾ സെന്ററിൽ ലഭിക്കുന്ന പരാതിയെക്കുറിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബന്ധപ്പെട്ട ബാങ്ക് അധികാരികൾക്ക് അടിയന്തിര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യപ്പെടുന്നത് തടയുന്നതിനും തുടർന്ന് സൈബർ പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. #keralapolice