ജില്ലയില്‍ 11,866 കുടുംബങ്ങള്‍ക്ക് ഒക്ടോബര്‍ 15-നകം മുന്‍ഗണനാ കാര്‍ഡ്



കോഴിക്കോട്:ജില്ലയില്‍ 11,866 കുടുംബങ്ങള്‍ക്കുകൂടി ഒക്ടോബര്‍ 15നകം മുന്‍ഗണനാ കാര്‍ഡ് നല്‍കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ജില്ലയില്‍ മുന്‍ഗണനാ വിഭാഗം റേഷന്‍  കാര്‍ഡുകള്‍ സ്വമേധയാ പൊതുവിഭാഗത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ ഒഴിവില്‍ 507 മഞ്ഞ കാര്‍ഡുകളും 11,359 പിങ്ക് കാര്‍ഡുകളുമാണ് പുതിയതായി അനുവദിച്ചത്. ഇവ ഒക്ടോബര്‍ 15നകം താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി വിതരണം ചെയ്യും. കാര്‍ഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം  സെപ്റ്റംബര്‍ 29ന് തിരുവനന്തപുരത്ത് ധനകാര്യ മന്ത്രി  കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിച്ചിരുന്നു.

അനര്‍ഹമായി കൈവശം വെച്ച മുന്‍ഗണനാ കാര്‍ഡുകള്‍  നിയമനടപടികള്‍ ഒഴിവാക്കി സ്വമേധയാ തിരിച്ചേല്‍പ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ജില്ലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.  മഞ്ഞ, പിങ്ക്, നീല വിഭാഗങ്ങളിലായി മൊത്തം 12,271 കാര്‍ഡുകളാണ് ഇത്തരത്തില്‍ ഇതുവരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി സൗജന്യ  ഭക്ഷ്യകിറ്റുകള്‍ ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ വാങ്ങാത്ത മുന്‍ഗണനാ റേഷന്‍ കാര്‍ഡുടമകളെ കണ്ടെത്തി കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായി മുന്‍കൂര്‍ നോട്ടീസ് നല്‍കി വരികയാണ്.  

മുന്‍ഗണനാ വിഭാഗത്തിലേക്ക് കാര്‍ഡുകള്‍ മാറ്റുന്നതിന് ധാരാളം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. മുന്‍ഗണനാ കാര്‍ഡുകളുടെ പരമാവധി എണ്ണം കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ ഇതില്‍ ഒഴിവു വരുന്ന മുറയ്ക്ക് മാത്രമേ പുതുതായി ആളുകളെ ഉള്‍പ്പെടുത്താന്‍ കഴിയൂ.  
1,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള വീട് സ്വന്തമായുള്ളവര്‍, സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, കുടുംബ മാസവരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍, സര്‍ക്കാര്‍/പൊതുമേഖല/ബാങ്ക്/ സഹകരണ ജീവനക്കാര്‍, സര്‍വ്വീസ്  പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ല. ഈ വിവരങ്ങള്‍ മറച്ചുവെച്ച് മുന്‍ഗണനാ കാര്‍ഡ് കൈവശപ്പെടുത്തിയവര്‍ക്കെതിരെ അനര്‍ഹമായി കൈപ്പറ്റിയ  റേഷന്‍ സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടി  സ്വീകരിക്കാന്‍  നിലവില്‍ വ്യവസ്ഥയുണ്ട്.  അനര്‍ഹര്‍ ധാരാളമുണ്ടായിട്ടും ശിക്ഷ ഭയന്ന് കാര്‍ഡ് മാറ്റാന്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും അര്‍ഹതയുള്ളവര്‍ക്ക് ഒഴിവുകളില്ലാത്തതിനാല്‍ മുന്‍ഗണനാ  കാര്‍ഡുകള്‍  അനുവദിക്കാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്തുമാണ് ഉദാരസമീപനം സ്വീകരിച്ച് പിഴയൊടുക്കാതെ തന്നെ ഇത്തരം കാര്‍ഡുകള്‍ സ്വമേധയാ തിരിച്ചേല്‍പ്പിക്കാനുള്ള അവസരം പ്രത്യേക ഉത്തരവിലൂടെ  സര്‍ക്കാര്‍ ഒരുക്കിയത്.  ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികളും സപ്ലൈ ഓഫീസുകളില്‍ സ്വീകരിച്ചുവരികയാണ്.  അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചു വരുന്നവരെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് 9495998223 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്സ്ആപ്പ് മെസ്സേജ് അയച്ചോ അറിയിക്കാം.  താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അനര്‍ഹരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Previous Post Next Post