കോഴിക്കോട് വീണ്ടും നിപ ബാധയെന്ന്‌ സംശയം; 12 വയസുകാരന്‍ ചികിത്സയില്‍


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധയുണ്ടായതായി സൂചന. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 12 വയസുകാരനാണ് നിപ ബാധ സംശയിക്കുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അത്യാഹിതവിഭാഗത്തിൽ ചികിത്സയിലുള്ള കുട്ടിക്ക് ഛർദിയും മസ്തിഷ്ക ജ്വരവുമുണ്ട്. അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശീദകരണം പുറത്തുവന്നിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജ് ഞായറാഴ്ച കോഴിക്കോട്ടെത്തുമെന്നാണ് വിവരം.

കുട്ടിയുടെ രക്ഷിതാക്കൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോർട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പോലീസ് അടച്ചു.

2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചിരുന്നത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നത്. 2019ൽ കൊച്ചിയിലും നിപ വൈറസ് സ്ഥിരീകരിച്ചെങ്കിലും വളരെ വേഗത്തിൽ നിയന്ത്രണ വിധേയമായിരുന്നു.

Previous Post Next Post