ചെങ്ങോടുമല കരിങ്കൽഖനനം: സിയ പാരിസ്ഥിതികാനുമതി നിഷേധിച്ചുപേരാമ്പ്ര: ചെങ്ങോടുമലയിലെ കരിങ്കൽ ഖനനത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി (സിയ) പാരിസ്ഥിതികാനുമതി നിഷേധിച്ചു. സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി (സിയാക്ക്‌) നൽകിയ ശുപാർശയുടെയും സ്ഥലപരിശോധനാ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ചെങ്ങോടുമലയിലെ 4.811 ഹെക്ടർ സ്ഥലത്ത് ഖനനം നടത്താനാണ് ഡെൽറ്റ റോക്സ് പ്രൊഡക്ട്‌ കമ്പനി സിയാക്ക് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷ നൽകിയത്. ഖനനത്തിനെതിരേ മൂന്നരവർഷമായി നാട്ടുകാർ സമരരംഗത്താണ്.

പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷയിൽ സിയാക്ക് നിയോഗിച്ച രണ്ടംഗ സബ്‌കമ്മിറ്റി കഴിഞ്ഞ വർഷം ജനുവരിയിൽ സ്ഥലംസന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇത് തൃപ്തികരമല്ലെന്ന നിഗമനത്തെത്തുടർന്ന് സിയാക്ക്‌ ചെയർമാൻ ഡോ. സി. ഭാസ്‌കരന്റെ നേതൃത്വത്തിൽ ഏഴംഗകമ്മിറ്റിയെ വീണ്ടും നിയോഗിച്ചു. സബ് കമ്മിറ്റി ഈവർഷം ജൂലായ് 23-ന് ചെങ്ങോടുമല സന്ദർശിച്ചശേഷം ഖനനം അനുവദിക്കരുതെന്ന് റിപ്പോർട്ട് നൽകി.

മുമ്പ് ജില്ലാ പാരിസ്ഥിതികാഘാത നിർണയസമിതി കമ്പനിക്ക് പാരിസ്ഥിതികാനുമതി നൽകിയിരുന്നു. ഇതിനെതിരേ സമരസമിതി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഈ അനുമതി ഉപയോഗിക്കില്ലെന്ന് ക്വാറിക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നതാണ്.
Previous Post Next Post