ബൈപ്പാസ് വികസനം:മരംമുറി ഇഴയുന്നു


പന്തീരാങ്കാവ്: ബൈപ്പാസ് ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി പാതയോരത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നത് ഇഴഞ്ഞുനീങ്ങുന്നു. ബൈപ്പാസിലെ വാഹനത്തിരക്കാണ് മരങ്ങൾ മുറിച്ചുമാറ്റുന്നതിന് തടസ്സമാകുന്നത്. 

ഓഗസ്റ്റ് രണ്ടിനാണ് മരങ്ങൾ മുറിച്ചുതുടങ്ങിയത്. രണ്ടുമാസംകൊണ്ട് മുഴുവൻ മരങ്ങളും മുറിച്ചുമാറ്റാനാണ് കരാർ. എന്നാൽ, ഒരുമാസം പിന്നിടുമ്പോൾ 15 ശതമാനം പോലും മുറിച്ചുമാറ്റാൻ കഴിഞ്ഞിട്ടില്ല. പന്തീരാങ്കാവിനും കൊടൽ നടക്കാവിനും ഇടയിലുള്ള മരങ്ങളാണ് ഇപ്പോൾ മുറിക്കുന്നത്. റോഡിലെ വാഹനത്തിരക്കുകാരണം ചെറിയ മരങ്ങൾ മാത്രമാണ് മുറിക്കാൻ കഴിയുന്നത്. മുറിച്ച മരങ്ങൾ ലോറിയിൽ കയറ്റാൻപോലും കഴിയുന്നില്ല. 


പന്തീരാങ്കാവിലെ വലിയ മരങ്ങളും അറപ്പുഴമുതൽ അഴിഞ്ഞിലം പാറമ്മൽ വരെയുള്ള ഭാഗത്തെ മരങ്ങളും നിശ്ചിതസമയത്തിനകം മുറിച്ചുമാറ്റാൻ കഴിയില്ലെന്ന് കരാറെടുത്ത ഹാഷിം, ഷമീർ എന്നിവർ പറഞ്ഞു. മുറിച്ചിടുന്ന മരങ്ങൾ രണ്ടോ മൂന്നോ മിനിറ്റുകൾക്കകം എടുത്തുമാറ്റിയിട്ടും ഗതാഗതത്തടസ്സം നേരിടുന്നുണ്ട്. അതുകൊണ്ട് അടിയന്തര സംവിധാനം ഒരുക്കിയില്ലെങ്കിൽ കരാർ ഒഴിയേണ്ട അവസ്ഥയാണെന്നും കരാറുകാർ പറയുന്നു.
Previous Post Next Post