മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പ്പന; വധശ്രമക്കേസിലെ പ്രതിയുള്‍പ്പടെ രണ്ട് യുവാക്കള്‍ പിടിയിൽ



കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തി വന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിപറമ്പ് ഉമ്മളത്തുരിലെ നാല് സെൻറ് കോളനിയിലെ വീട്ടിൽ നിന്നുമാണ് രണ്ട് കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് പൊക്കിയത്. തച്ചീരിക്കണ്ടി ആനന്ദ് (23) താമരശ്ശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെ മെഡിക്കൽ കോളേജ് എസ്ഐ വി.വി ദീപ്തിയും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

വെള്ളിപറമ്പിലും മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളും കഞ്ചാവിൻറെയും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പൊലീസില്‍ പരാതി അറിയിച്ചിരുന്നു. പ്രത്യേകിച്ച് ഉമ്മളത്തൂർ നാല് സെന്റ് കോളനിയിൽ പുറത്തു നിന്ന് നിരവധി യുവാക്കൾ അസമയത്ത് ന്യൂജെൻ ബൈക്കുകളില്‍ എത്താറുണ്ടായിരുന്നു. സംശയം തോന്നി ഇത് ചോദ്യം ചെയ്തപ്പോൾ വാഹനം കൊണ്ട് ഇടിക്കാന്‍ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.

പ്രതികളിലൊരാശായ ആനന്ദിന് മുൻപ് കസബ പൊലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ടായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അൻപതിനായിരം രൂപയോളം വിലവരുമെന്നും കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു എന്നതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് എസ്എച്ച്ഒ ബെന്നി ലാൽ പറഞ്ഞു.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ ഉണ്ണി നാരായണൻ ,അബ്ദുൾ റസാഖ്, മനോജ്, സുജീഷ്, സിപിഒ വിനോദ് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ എസ്‌ ഐ മാരായ മുഹമ്മദ് ഷാഫി,സജി എം, അഖിലേഷ് കെ,ജോമോൻ കെ എ, ജിനേഷ് ചൂലൂർ, അർജ്ജുൻ അജിത്ത്, കെ സുനോജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Previous Post Next Post