വടകര: അഴിയൂർ-വെങ്ങളം ദേശീയപാത ആറുവരിയാക്കുന്നതിനുള്ള യന്ത്രസാമഗ്രികളുമായി പ്രത്യേക ചരക്കുതീവണ്ടി ജബൽപ്പുരിൽനിന്ന് കണ്ണൂരിലെത്തി. 31 ടിപ്പർ ലോറികളും മണ്ണുമാന്തിയന്ത്രങ്ങളും റോളറുകളും ഉൾപ്പെടെയുള്ളവയാണ് 30 ബോഗികളിലായി എത്തിച്ചത്. 90 തൊഴിലാളികളും ഇതിലുണ്ടായിരുന്നു. കണ്ണൂർ നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ഇവ താത്കാലികമായി പയ്യോളി സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റിത്തുടങ്ങി.
റോഡുനിർമാണത്തിനുള്ള പ്ലാന്റ് തയ്യാറായാൽ എല്ലാം അങ്ങോട്ട് മാറ്റും. അദാനി ഗ്രൂപ്പാണ് അഴിയൂർ-വെങ്ങളം പാത നിർമാണം കരാറെടുത്തതെങ്കിലും ഇവർ ഉപകരാർ നൽകിയത് അഹമ്മാദാബാദിലെ വാഗഡ് ഇൻഫ്രാസ്ട്രെക്ചർ എന്ന കമ്പനിക്കാണ്. ഈ കമ്പനിയാണ് യന്ത്രസാമഗ്രികൾ തീവണ്ടിയിലെത്തിച്ചത്. മലബാർ മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ ലോറികൾ ഉൾപ്പെടെയുള്ളവ തീവണ്ടിയിൽ കൊണ്ടുവരുന്നത്. ബോഗിയിൽ ടിപ്പർ ലോറികളും മറ്റു യന്ത്രസാമഗ്രികളും കയറ്റുമ്പോൾ ഉയരം പ്രശ്നമാകുമെന്നതിനാൽ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉയരം ക്രമീകരിക്കാൻ ലോറിയുടെ മുൻവശത്തെ ടയറുകൾ അഴിച്ചുമാറ്റി.
പിറകുവശത്തെ ടയറുകളുടെ കാറ്റൊഴിച്ചു. തീവണ്ടി കടന്നുപോകുന്ന എല്ലാ സ്റ്റേഷനുകളിലും പ്രത്യേകനിർദേശം നൽകി. എവിടെയും ഒരു തടസ്സവുമില്ലാതെയാണ് ബുധനാഴ്ച പുലർച്ചെയോടെ തീവണ്ടി കണ്ണൂരിലെത്തിയത്. വടകരയിൽ ഇറക്കാൻ സൗകര്യമില്ലാത്തതിനാലാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. തീവണ്ടിയിൽനിന്നിറക്കി ടയർ ഫിറ്റുചെയ്ത് എണ്ണനിറച്ചശേഷമാണ് പയ്യോളിയിലേക്ക് യാത്ര പുറപ്പെട്ടത്. ഡീസൽ നിറയ്ക്കാനായി പ്രത്യേക ടാങ്കർതന്നെ സ്റ്റേഷൻ പരിസരത്ത് എത്തിച്ചു.
ഇനിയും സാമഗ്രികൾ വരും
യന്ത്രസാമഗ്രികൾ ഇറക്കിയശേഷം ചരക്കുവണ്ടി തിരിച്ചുപോയി വീണ്ടും സാമഗ്രികളുമായി തിരിച്ചുവരും. മൊത്തം 80 ലോറികൾ വരാനുണ്ട്. ബുധനാഴ്ച 31 ടിപ്പർ ലോറി, ഒരു ട്രെയിലർ, നാല് ഗ്രൈഡർ, മൂന്ന് റോളർ, ഏഴ് ഹിറ്റാച്ചി, ഒരു ജെ.സി.ബി., ഒരു ടാങ്കർ, കംപ്രസർ തുടങ്ങിയവയാണ് എത്തിച്ചത്. കുറെ ഉപകരണങ്ങളും പണിയായുധങ്ങളും ലോറികളിലുണ്ടായിരുന്നു. ആവശ്യമനുസരിച്ച് വീണ്ടും സാധനങ്ങളെത്തും.
ഇനിവേണ്ടത് പ്ലാന്റ്
അയനിക്കാടിലാണ് പ്ലാന്റ് ഒരുക്കാൻ കമ്പനി സ്ഥലം കണ്ടത്. എട്ടേക്കർ സ്ഥലം ഇവിടെ ദേശീയപാതയ്ക്കരികിൽത്തന്നെ കിട്ടിയിരുന്നു. എന്നാൽ, നഞ്ച പ്രദേശമുൾപ്പെടുന്നതിനാൽ പ്രാദേശികമായ എതിർപ്പുയർന്നതിനാൽ അന്തിമതീരുമാനമായിട്ടില്ല. കളക്ടറുടെ പരിഗണനയിലാണ് വിഷയമുള്ളത്. ഇത് പരിഹരിച്ചശേഷമേ പ്ലാന്റ് സ്ഥാപിക്കൂ.