നാട്ടുകാരുടെ ചോദ്യം: തോട്ടുമുക്കം റൂട്ടിൽ തിരികെ വരുമോ കെ.എസ്.ആർ.ടി.സി. സർവീസ്


കൊടിയത്തൂർ: കോവിഡിന്റെ തുടക്കസമയത്ത് നിർത്തിവെച്ച തോട്ടുമുക്കം റൂട്ടിലെ കെ.എസ്.ആർ.ടി.സി. ബസുകളൊന്നും ഇതേവരെ പുനഃസ്ഥാപിച്ചില്ല. ഇവിടുത്തെ പ്രധാന റൂട്ടിലൊക്കെ കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമായിരുന്നു ഓടിയിരുന്നത്. മരഞ്ചാട്ടി, കൂടരഞ്ഞി റൂട്ടിൽ സ്വകാര്യബസുകൾ ഉണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. ചില ബസുകൾ തോട്ടുമുക്കത്ത് എത്താതെ കൂടരഞ്ഞി, മരഞ്ചാട്ടി എന്നിവിടങ്ങൾവരെ മാത്രമേ സർവീസ് നടത്തുന്നുള്ളെന്ന് പ്രദേശവാസികൾ പറയുന്നു.

യാത്രാദുരിതം രൂക്ഷം

നാട്ടുകാർക്ക് ഏറ്റവും പ്രധാനമായ തോട്ടുമുക്കം- മൈസൂർമല പാറത്തോട്-മുക്കംറൂട്ടിൽ രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമാണുണ്ടായിരുന്നത്. മുക്കം, മണാശ്ശേരി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള വിദ്യാർഥികളും ഉദ്യോഗസ്ഥരും വിവിധ ആശുപത്രികളിലേക്കുള്ളവരുമടക്കം ഒട്ടേറെ യാത്രക്കാരുടെ ആശ്രയമായിരുന്നു ഈ ബസുകൾ. രണ്ടുവർഷത്തോളമായി ഈ റൂട്ടിൽ ബസില്ലാതെ നാട്ടുകാർ വലയുകയാണ്. വിദ്യാലയങ്ങളും ഓഫീസുകളും തുറന്നതോടെ യാത്രാദുരിതം കടുത്തതായി.

തോട്ടുമുക്കം-തിരുവമ്പാടി റൂട്ടിൽ രാവിലെ 6.30-നുള്ള കണ്ണൂർ ടി.ടി. സർവീസും രാവിലെ തോട്ടുമുക്കത്തുനിന്ന്‌ 8.20-നു കൂടരഞ്ഞി വഴി തിരുവമ്പാടിയിലേക്കുണ്ടായിരുന്ന ബസും ഓട്ടംപുനരാരംഭിച്ചില്ല. വിദ്യാർഥികളടക്കം ഒട്ടേറെയാളുകൾ ഈ റൂട്ടിലും യാത്രക്കാരായുണ്ട്. കൂടാതെ, രാവിലെ എട്ടിനുണ്ടായിരുന്ന തിരുവമ്പാടി-തോട്ടുമുക്കം റൂട്ടിലെ ബസ് ഇല്ലാത്തതുമൂലം യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.

തോട്ടുമുക്കത്തുനിന്ന്‌ വൈകുന്നേരം 3.50-ന്‌ പുറപ്പെട്ടിരുന്ന താമരശ്ശേരി ബസ് തോട്ടുമുക്കം ഹയർസെക്കൻഡറിയിലെ ജീവനക്കാർക്കും വിദ്യാർഥികൾക്കും പ്രധാന യാത്രാമാർഗമായിരുന്നു. വാലില്ലാപ്പുഴയിലൂടെയും ഗോതമ്പറോഡിലൂടെയും മുക്കത്തേക്കും മറ്റും യാത്രചെയ്യാൻകഴിയുമെങ്കിലും ഈ റൂട്ടുകളിലും ബസ് സർവീസില്ല. അരീക്കോട്ടേക്ക് മാത്രമാണ് ഈ നാട്ടുകാർക്ക് ബുദ്ധിമുട്ടില്ലാതെ യാത്രയ്ക്ക് ബസുകളുള്ളത്.

അധികൃതർ കനിയണം

നിർത്തിവെച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി. ബസുകളുടെ സർവീസ് ഉടൻ പുനരാരംഭിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മലയോരമേഖല കെ.എസ്.ആർ.ടി.സി. ഫോറം ഭാരവാഹികളായ ബാസിത് തോട്ടുമുക്കം, നാരായണൻ മാവാതുക്കൽ എന്നിവർ അധികൃതർക്ക് നിവേദനം നൽകി.

മലനിരകൾ കയറിയിറങ്ങിയുള്ള ഓട്ടവും യാത്രക്കാർ കുറയുന്നതുമാണ് ട്രിപ്പുകൾ ഇടയ്ക്കുവെച്ച് നിർത്തുന്നതിന് കാരണമെന്നാണ് അധികൃതരുടെ വാദം.

പക്ഷേ, ഇത്രയധികം യാത്രക്കാരുള്ള റൂട്ടിൽ യാത്രക്കാർ കുറവാണെന്ന് അധികൃതർ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്ന് യാത്രക്കാരും പറയുന്നു.


Previous Post Next Post