സുരക്ഷയൊരുക്കിയില്ല: കരിയാത്തുംപാറ തുറന്നില്ല


   
കൂരാച്ചുണ്ട്: സുരക്ഷാഭീഷണിയെത്തുടർന്ന്‌ അടച്ചിട്ട കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രം ഒന്നരമാസമായിട്ടും തുറന്നില്ല. സിനിമാ ചിത്രീകരണങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും വേദിയായ റിസർവോയറിന്റെ പാറക്കടവ് ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന മുങ്ങിമരണങ്ങളും അപകടങ്ങളും മുൻനിർത്തി കഴിഞ്ഞ ഒക്ടോബറിലാണ് കേന്ദ്രം അടച്ചത്. സമീപത്തെ തോണിക്കടവ് ടൂറിസംകേന്ദ്രത്തിലെത്തുന്നവർ കരിയാത്തുംപാറക്കടവിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനാകാതെ നിരാശരായി മടങ്ങുകയാണ്. തോണിക്കടവ് ടൂറിസം പദ്ധതിയിൽ രണ്ടുഘട്ടങ്ങളിലായി നടന്ന വികസന പ്രവർത്തനങ്ങളിൽ റിസർവോയറിന് അടുത്തായി ചെറിയ കുന്നിൽ വാച്ച് ടവറും കുന്നിനെ ചുറ്റി വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ബോട്ട് ജെട്ടി, ശൗചാലയം, ടിക്കറ്റ് കൗണ്ടർ, വാക് വേ, സീറ്റിങ് ആംഫി തീയേറ്റർ, കുട്ടികളുടെ പാർക്ക്, കഫറ്റീരിയ, ഗ്രീൻ റൂം, ലാൻഡ് സ്കേപ്പിങ്‌ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ഇതെല്ലാമുണ്ടെങ്കിലും കരിയാത്തുംപാറക്കടവ് സുരക്ഷാഭീഷണിയില്ലാതെ ആസ്വദിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്ന് സഞ്ചാരികൾ പറയുന്നു.

കണ്ടാൽ ആർക്കും ഇറങ്ങാൻ തോന്നുന്ന ഉരുളൻ കല്ലുകൾ നിറഞ്ഞ തെളിഞ്ഞ ജലാശയമാണ് കരിയാത്തുംപാറക്കടവ്. ജലസേചന വകുപ്പിനുകീഴിലുള്ള പ്രദേശത്തേയ്ക്ക് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. സന്ദർശകർക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവരെ നിയന്ത്രിക്കാനോ അടിയന്തിരസഹായങ്ങൾക്കോ സുരക്ഷാ ജീവനക്കാരാരുംതന്നെയില്ല. മൂന്നുവർഷത്തിനിടെ പതിമൂന്ന് പേരാണിവിടെ കുളിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ മരിച്ചത്. ജീവാപായമില്ലാതെ രക്ഷപ്പെട്ടവരും ഒട്ടേറെ. അപകടമുണ്ടായാൽ നാട്ടുകാരും പ്രദേശത്തെ ദുരന്തനിവാരണസേനയായ അമീൻ റസ്ക്യൂവിലെ അംഗങ്ങളുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാറ്. ഒക്ടോബറിൽ തലശ്ശേരി പാനൂർ സ്വദേശിയായ പതിനേഴുകാരൻ മുങ്ങിമരിച്ചതിനെത്തുടർന്നാണ് കേന്ദ്രം അടച്ചിടാൻ തീരുമാനിച്ചത്. പാറക്കടവിലേയ്ക്ക് സഞ്ചാരികൾ അനിയന്ത്രിതമായി ഇറങ്ങുന്നത് തടയാൻ റോഡരികിൽ ജലസേചനവകുപ്പ് നിർമിക്കുന്ന മതിലിന്റെ പണിയും പൂർണമായിട്ടില്ല. ജില്ലയിലെതന്നെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാരകേന്ദ്രം അവശ്യസുരക്ഷയൊരുക്കി തുറന്നുകൊടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.


Previous Post Next Post