നാദാപുരം: ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗം നാദാപുരം, ആവോലം, കക്കംവെള്ളി ഭാഗത്തെ ഹോട്ടലുകൾ, കൂൾബാറുകൾ, ബീഫ് സ്റ്റാളുകൾ ഉൾപ്പെടെ 32 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
മാനദണ്ഡം ലംഘിച്ചതിന് ആവോലത്തെ ഹോട്ടൽ സച്ചൂസ്, പേരോടുള്ള അമൃതാ ബേക്കറി കൂട് എന്നിവ അടച്ചിടാൻ നിർദേശിച്ചു. കല്ലാച്ചി മാർക്കറ്റ് റോഡിലെ ഹാർഡ്‌വേർ, മാറ്റ് വിൽപ്പന നടത്തുന്ന സ്ഥാപനത്തിൽനിന്ന് 100 രൂപ പിഴയീടാക്കി.
വീട്ടിലെ മാലിന്യം നാദാപുരം കക്കംവള്ളി റോഡരികിൽ തള്ളിയതിന് കുമ്മങ്കോട് സ്വദേശിക്കെതിരേ നടപടിയെടുത്തു. വാഹനത്തിലെത്തി മാലിന്യംതള്ളുന്ന വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് വീട്ടുടമയെ കണ്ടെത്തിയത്. അദേഹത്തെക്കൊണ്ടുതന്നെ മാലിന്യം റോഡിൽനിന്ന് നീക്കുകയും 1000 രൂപ പിഴയീടാക്കുകയും ചെയ്തു.
പരിശോധനയ്ക്ക് നാദാപുരം താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമരായ പി.കെ. പ്രീജിത്ത്, കെ.കെ. കുഞ്ഞിമുഹമ്മദ്, സി. പ്രസാദ്, സെക്രട്ടറി ഇൻ ചാർജ് ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു എന്നിവർ നേതൃത്വം നൽകി.