'കല്യാണത്തിന് സ്വർണം വേണ്ടെ'ന്ന് ഷെഹ്ന; വിവാഹദിനത്തിൽ 21 സെന്റ് സ്ഥലം ഭൂമിയില്ലാത്ത 4 പേ‍ർക്ക് നൽകും



കോഴിക്കോട്: 'എന്റെ കല്യാണത്തിന് സ്വർണം വേണ്ട, കഷ്ടതയനുഭവിക്കുന്ന ആളുകളെ സഹായിക്കാം', ആഡംബരക്കല്യാണങ്ങൾക്കിടയിൽ ഈ വിവാഹം വ്യത്യസ്തമാകുന്നത് ഷെഹ്ന ഷെറിൻ എന്ന പെൺകുട്ടിയുടെ ഈ വാക്കുകളാലാണ്. മേപ്പയ്യൂർ കൊഴുക്കല്ലൂർ കോരമ്മൻകണ്ടി അന്തുവിന്റെ മകളാണ് ഷെഹ്ന ഷെറിൻ. ജീവകാരുണ്യ പ്രവർത്തകനായ അന്തുവിന് മകളുടെ ഈ നിർദ്ദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചു. അവരും തീരുമാനത്തെ അനുകൂലിച്ചതോടെ ഷെഹ്ന ഷെറിന്റെയും മുഹമ്മദ് ഷാഫിയുടേയും വിവാഹ ദിനമായ ഇന്ന് ഞായറാഴ്ച അന്തുവിന്റെ 21 സെന്റ് സ്ഥലം ഭൂമിയില്ലാത്ത നാലു പേർക്ക് നൽകും. ചടങ്ങിൽ വെച്ച് ആധാരം കൈമാറും.

മേപ്പയ്യൂർ പാലിയേറ്റീവ് സെന്റർ പ്രവർത്തകരായ അന്തുവും മകൾ ഷെഹ്നയും പാലിയേറ്റീവ് സെന്റർ നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന് ധനസഹായവും വിവാഹത്തിൻ്റെ ഭാഗമായി നൽകും. അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ്, സുരക്ഷാ പാലിയേറ്റീവ് എന്നിവക്കും ധനസഹായം നൽകുന്നുണ്ട്. ഒരാൾക്ക് വീട് നിർമാണത്തിനും മറ്റൊരാൾക്ക് ചികിത്സക്കും സഹായം നൽകാനും ഒരു നിർധന കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റ പണിക്കുള്ള ധനസഹായവും ഒരു പെൺകുട്ടിയുടെ കല്യാണത്തിനുള്ള സഹായവും അന്തു മകളുടെ വിവാഹത്തോടനുബന്ധിച്ച് ചെയ്യുന്നുണ്ട്. കുവൈത്തിൽ മൂന്ന് പതിറ്റാണ്ടായി ബിസിനസ് നടത്തുന്ന അന്ത്രുവിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഭാര്യ റംലയുടെയും മകളായ ഷെഹ്ന ഷെറിന്റെയും ഹിബ ഫാത്തിമയുടെയും എല്ലാ പിന്തുണയുമുണ്ട്. പിതാവിൻ്റെ കാരുണ്യ പ്രവർത്തനമാണ് മകൾ ഷെഹ്നയെയും. ഈ വഴിയിൽ നടത്തുന്നത്.


Previous Post Next Post