താമരശ്ശേരി: വരുമാനവർധനയും വിനോദസഞ്ചാരവികസനവും ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ആവിഷ്കരിച്ച മൂന്നാർ ടൂറിസം സർവീസ് താമരശ്ശേരി ഡിപ്പോയിൽനിന്ന് ശനിയാഴ്ച തുടങ്ങും.
മൂന്നാറിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും ടാറ്റാ ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയന്റ്, ഫിലിം ഷൂട്ടിങ് പോയന്റ്, മാട്ടുപ്പെട്ടി ഡാം, ടീ ഗാർഡൻ ഫോട്ടോ പോയന്റ്, ഫോറസ്റ്റ് ഫ്ലവർഗാർഡൻ എന്നീ എട്ടു കേന്ദ്രങ്ങളിലെ സന്ദർശനത്തിനും സൗകര്യമൊരുക്കുന്ന ബജറ്റ് ടൂറിസം സർവീസിന്റെ കന്നിയാത്രയ്ക്കാണ് രാവിലെ ഒമ്പതിന് തുടക്കമാവുക.
താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്ത് രാവിലെ എട്ടരയ്ക്ക് നടക്കുന്ന ചടങ്ങിൽ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ഞായറാഴ്ച പുലർച്ചെ നാലുമണിക്കാണ് പാലക്കാട് നെല്ലിയാമ്പതിയിലേക്കുള്ള കെ.എസ്.ആർ.ടി.സി. വിനോദസഞ്ചാരസർവീസ് ആരംഭിക്കുന്നത്. ഡിസംബർ 26-ന് ആരംഭിച്ച പൂക്കോട്-വനപർവം-തുഷാരഗിരി സർവീസിന് പിന്നാലെ മൂന്നാർ, നെല്ലിയാമ്പതി ടൂറിസം പാക്കേജുകൾക്കുകൂടി തുടക്കമാവുന്നതോടെ താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ ജില്ലയിലെ ബജറ്റ് ടൂറിസം സർവീസിന്റെ ഹബ്ബായി മാറും.
Tags:
KSRTC