കോഴിക്കോട്: ഹീമോഫീലിയ-എ രോഗത്തിന് പ്രതിരോധ മരുന്നായി ഉപയോഗിച്ചുവരുന്ന എമിസിസുമാബ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ കുട്ടികൾക്ക് നൽകിത്തുടങ്ങി. നാഷണൽ ഹെൽത്ത് മിഷന്റെ ആശാധാര പദ്ധതി വഴി 18 വയസ്സിന് താഴെയുള്ള അർഹരായ കുട്ടികളെ തിരഞ്ഞെടുത്താണ് മരുന്ന് നൽകുന്നത്.
സംസ്ഥാനത്ത് 18 കുട്ടികൾക്കാണ് പദ്ധതിയിൽ മരുന്ന് നൽകുന്നത്. ഒരു വയൽ ഇഞ്ചക്ഷന് ഏകദേശം ഒരുലക്ഷം മുതൽ 2.5 ലക്ഷംവരെ വിലവരുന്ന മരുന്ന് സൗജന്യമായാണ് സർക്കാർ നൽകുന്നത്. രണ്ടുപേർക്കാണ് ഇപ്പോൾ മെഡിക്കൽ കോളേജിൽ എമിസിസുമാബ് മരുന്ന് നൽകുന്നത്.
ശരീരത്തിൽ രക്തംകട്ടപിടിക്കാൻ സഹായിക്കുന്ന ഫാക്ടർ-എട്ട് ഹീമോഫീലിയ രോഗികൾക്ക് എമിസിസുമാബ് വിപ്ളവകരമായ മാറ്റമാണുണ്ടാക്കുന്നത്. ഹീമോഫീലിയ-എ രോഗികൾക്ക് ഈ മരുന്ന് സ്ഥിരമായി ഫാക്ടർ-എട്ട് ലെവൽ രക്തത്തിൽ ഉയർത്തുന്നത് വഴി സാധാരണ ജീവിതം സാധ്യമാകുന്നുണ്ട്. മാത്രമല്ല, അടിക്കടി ഉണ്ടാവുന്ന രക്തസ്രാവം, അസ്ഥികളുടെ തേയ്മാനം, അംഗവൈകല്യം എന്നിവയിൽ നിന്നെല്ലാം മോചനം ലഭിക്കുമെന്നും മെഡിക്കൽ കോളേജിലെ ശിശുരോഗവിഭാഗം മേധാവിയും നോഡൽ ഓഫീസറുമായ ഡോ. വി.ടി. അജിത്കുമാർ പറഞ്ഞു.
ഹീമോഫീലിയ രോഗികളുടെ ചികിത്സാസൗകര്യം മെച്ചപ്പെടുത്തുന്നതിന് സർക്കാർ പ്രത്യേകം ശ്രദ്ധപുലർത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള കൂടിക്കാഴ്ചയിൽ ഹീമോഫീലിയ കേരള കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് ഉറപ്പുലഭിച്ചതായി കാലിക്കറ്റ് ചാപ്റ്റർ സെക്രട്ടറി വി.പി. സാദിക്ക് പറഞ്ഞു.
1700-ഓളം രോഗികൾ
ഹീമോഫീലിയ രോഗംബാധിച്ച് സംസ്ഥാനത്ത് 1700-ഓളം രോഗികളുള്ളതിൽ ഏറ്റവുംകൂടുതൽ മലപ്പുറം ജില്ലയിലാണ് 230 പേർ. കോഴിക്കോട് 140 പേർ. സമാശ്വാസമായി രോഗികൾക്ക് മാസം ആയിരംരൂപ സർക്കാർ നൽകുന്നത് ഒരു വർഷമായി നിലച്ചിരിക്കുകയാണ്. താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ലഭ്യമാക്കണമെന്നും നൽകുന്ന പ്രായപരിധി 21 വയസ്സാക്കണമെന്നും ഹീമോഫീലിയ കേരള കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.