കോഴിക്കോട്:കടലോര മത്സ്യഗ്രാമങ്ങളില്‍ സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിയ്ക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും നിശ്ചിത യോഗ്യതയുളളവരെ തെരഞ്ഞെടുത്ത് സാഗര്‍മിത്രകളായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പാദന പദ്ധതിയ്ക്കു കീഴില്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സാഗര്‍മിത്ര. മത്സ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യം ബന്ധപ്പെടാവുന്നവരാണ് സാഗര്‍മിത്രകള്‍. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. കരാര്‍ കാലത്ത് 15,000 രൂപ പ്രതിമാസം ഇന്‍സെന്റീവ് ആയി നല്‍കും. പ്രവര്‍ത്തന മികവ് വിലയിരുത്തി ഓരോ വര്‍ഷവും കരാര്‍ പുതുക്കി പ്രവര്‍ത്തനകാലം ദീര്‍ഘിപ്പിയ്ക്കും.
ഫിഷറീസ് സയന്‍സ് /മറൈന്‍ ബയോളജി/ സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷയില്‍ ഫലപ്രദമായി ആശയ വിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും 35 വയസില്‍ കൂടാത്ത പ്രായമുള്ളവരും ആയിരിക്കണം സാഗര്‍മിത്രകള്‍ ആകുന്നതിനായി അപേക്ഷിയ്ക്കേണ്ടതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അതത് മത്സ്യഗ്രാമങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്. അപേക്ഷകള്‍ ജനുവരി 20നകം അതത് മത്സ്യഭവനിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസിലോ സമര്‍പ്പിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495- 2383780.