നഗരത്തിൽ 13.08 കോടിയുടെ ഒമ്പതാം ഘട്ട ലൈഫ് പാർപ്പിട പദ്ധതി



കോഴിക്കോട്: കോര്‍പറേഷന്‍ ലൈഫ് പാർപ്പിട പദ്ധതിയിൽ വീണ്ടും പണം നല്‍കിത്തുടങ്ങി. പി.എം.എ.വൈ. ലൈഫ് പദ്ധതി ഒമ്പതാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡുവായി 327 പേർക്കാണ് പണം നൽകുക. 13.08 കോടി രൂപയാണ് പദ്ധതി തുക. ലൈഫ് പദ്ധതിയില്‍ നഗരത്തിൽ 1710 പേർക്ക് വീട് പണി പൂര്‍ത്തിയാക്കി. എട്ട് ഘട്ടങ്ങളിലായി 3189 പേരാണ് അര്‍ഹരായത്. അതില്‍ 3053 പേർക്കുള്ള ഒന്നാം ഗഡു നല്‍കി വീട് നിര്‍മാണം തുടങ്ങി. തറ നിർമാണം പൂര്‍ത്തിയാക്കിയ 2868 പേര്‍ക്ക് രണ്ടാം ഗഡുവും മേല്‍ക്കൂര നിർമാണവും കഴിഞ്ഞ 2554 പേര്‍ക്ക് മൂന്നാം ഗഡുവും നല്‍കിക്കഴിഞ്ഞു. 127.6 കോടി രൂപയാണ് മൊത്തം പദ്ധതി തുക. കേന്ദ്ര സംസ്ഥാന വിഹിതമായി 28.35 കോടിയും നഗരസഭ വിഹിതമായി 5432 കോടിയുമാണുള്ളത്. 


അടുത്തഘട്ടം പരിശോധന സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ലൈഫില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതില്‍ 1195 പേര്‍ അര്‍ഹരായി. കെട്ടിടനിര്‍മാണ അനുമതി ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ ഉള്ളവരെ ഉള്‍പ്പെടുത്തി മാര്‍ച്ച് ആദ്യം ഡി.പി.ആര്‍ സമര്‍പ്പിക്കാനാണ് തീരുമാനം. കൗണ്‍സിലര്‍മാര്‍ക്കോ കോഓഡിനേറ്റര്‍മാര്‍ക്കോ അര്‍ഹരായവര്‍ രേഖകള്‍ 28 ഓടെ നല്‍കണം. ഒമ്പതാംഘട്ടത്തിന്‍റെ ആദ്യഗഡു വിതരണം മേയര്‍ ഡോ. ബീനാഫിലിപ് ഉദ്ഘാടനം ചെയ്തു. പ്രേമലത, മെഹറുന്നീസ എന്നിവരാണ് ആദ്യഗഡു സ്വീകരിച്ചത്. ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.യു. ബിനി, സ്ഥിരംസമിതി അധ്യക്ഷരായ പി.സി. രാജന്‍, ഒ.പി. ഷിജിന, പി. ദിവാകരന്‍, ഡോ.എസ്. ജയശ്രീ, കൃഷ്ണകുമാരി, സി. രേഖ, പി.കെ. നാസര്‍, കൗണ്‍സിലര്‍മാരായ കെ.സി. ശോഭിത, നവ്യ ഹരിദാസ്, കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ ടി.കെ. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.


Previous Post Next Post