ആനക്കാംപൊയില്‍ -കള്ളാടി- മേപ്പാടി തുരങ്ക പാതയ്ക്ക് 2043.74 കോടി രൂപയുടെ ഭരണാനുമതി


കോഴിക്കോട്: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയില്‍ -കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന് 2043.74 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

തുരങ്ക പാതയുടെ നിര്‍മാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ വിശദ പദ്ധതി രേഖയും സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പാതയുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.പാതയുടെ നിര്‍മാണത്തിന് 12.2 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ഇത് കൂടാതെ ഏഴ് ഹെക്ടര്‍ ഭൂമി താല്‍ക്കാലിക പാട്ടത്തിനു എടുക്കേണ്ടി വരും. 8.11 കി.മീറ്റര്‍ നീളത്തില്‍ നാല് വാരിയുള്ള ഇരട്ട തുരങ്കങ്ങളുള്ള പാതയാണ് ഇത്. 10 മീറ്റര്‍ വീതിയിലാണ് പാത നിര്‍മിക്കുക. നാല് വരിയില്‍ 625 മീറ്റര്‍ നീളത്തില്‍ അപ്പ്രോച്ച് റോഡും തുരങ്കപാതയുടെ ഭാഗമായി നിര്‍മിക്കും. ഇരുവഴിഞ്ഞി പുഴയ്ക്കു കുറുകെ പാലവും നിര്‍മിക്കേണ്ടി വരും.

പാതയുടെ നിര്‍മാണത്തിന് വൈദ്യുതി ബോഡിന്റേതടക്കമുള്ള വസ്തുക്കള്‍ മാറ്റി സ്ഥാപിക്കുന്നതിന് 34.6 കോടി രൂപയാണ് ചിലവഴിക്കേണ്ടി വരിക. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍നിന്നു തുടങ്ങി വയനാട്ടിലെ മേപ്പാടിയില്‍ അവസാനിക്കുന്ന തുരങ്കപാത യാഥാര്‍ഥ്യമാവുന്നതോടെ മലബാറിന്റെ വികസനത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുങ്ങും. വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കും ചരക്കു നീക്കത്തിനും വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിനാണ് തുരങ്കപാത നിലവില്‍ വരുന്നതോടെ അറുതിയാവുക. വായനാടിന്റെയോ കോഴിക്കോടിന്റെയോ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ വികസനത്തില്‍ തുരങ്കപാതക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.


Previous Post Next Post