ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിലെ അഞ്ചു ഇലക്‌ട്രിക്കൽ സെക്‌ഷനുകളിലായി 21 കേന്ദ്രങ്ങളിൽ ഇലക്‌ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്തെ നൂറ്റിനാൽപ്പത് നിയമസഭാമണ്ഡലങ്ങളിൽ വിവിധയിടങ്ങളിലായി ഇതുവരെ 912 കേന്ദ്രങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി നൽകിയിട്ടുള്ളത്.
ഇലക്‌ട്രിക് സ്കൂട്ടറുകൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്കായാണ് പുതിയ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. മണ്ഡലത്തിലെ ബേപ്പൂർ, അരീക്കാട്, ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര എന്നീ അഞ്ച് ഇലക്‌ട്രിക്കൽ സെക്‌ഷനുകൾക്കു കീഴിലും പ്രധാന ട്രാൻസ്ഫോർമറുകളെ ബന്ധപ്പെടുത്തി സൗകര്യപ്രദമായ കേന്ദ്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി.യുടെ പ്രധാന പോസ്റ്റുകളിലാകും ചാർജിങ് സംവിധാനമേർപ്പെടുത്തുന്നത്.