വടകര- വില്യാപ്പള്ളി- ചേലക്കാട് റോഡ് : അലൈൻമെൻറ് അടയാളപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങി

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായുള്ള അലൈൻമെൻറ് മാർക്ക് ചെയ്യുന്ന പ്രവൃത്തി കുറ്റ്യാടി എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിക്കുന്നു

വടകര: നാദാപുരം, കുറ്റ്യാടി മണ്ഡലത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായുള്ള അലൈൻമെൻറ് അടയാളപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചു. കുറ്റ്യാടി മണ്ഡലത്തിന്റെ ഭാഗമായുള്ള പുറമേരി, ആയഞ്ചേരി പഞ്ചായത്തുകളുടെ പരിധിയിൽപ്പെടുന്ന സ്ഥലത്ത് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതി വഴി 58.29 കോടിരൂപയുടെ സാമ്പത്തിക അനുമതിയുള്ള വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ പ്രധാനഘട്ടമാണ് ആരംഭിച്ചത്. കുറ്റ്യാടി ഭാഗത്തുനിന്നും വടകരയിലേക്കും തിരിച്ചും എളുപ്പവഴിയായ ഈ റോഡ് ദീർഘകാലമായി ആധുനികരീതിയിൽ പുനർനിർമാണം നടത്താൻ പറ്റാത്ത സാഹചര്യം നിലനിൽക്കുകയായിരുന്നു.

വിഷയം മുഖ്യമന്ത്രിയുടെയും കിഫ്ബി സി.ഇ.ഒ.യുടെയും ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് അലൈൻമെൻറ് അംഗീകരിക്കുന്ന പ്രവർത്തനം ത്വരിതഗതിയിലാവുകയും സ്ഥലത്ത് റോഡിന്റെ അതിർത്തികൾ അടയാളപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുകയുമായിരുന്നു. ആകെ 15.95 കിലോമീറ്റർ ആണ് റോഡുള്ളത്. ഇതിൽ ഒമ്പതു കിലോമീറ്ററോളം ഭാഗം കുറ്റ്യാടി മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്.

പുറമേരി പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു, കെ.ആർ.എഫ്.ബി. അസിസ്റ്റൻറ് എൻജിനിയർ കെ.ആർ. വിഷ്ണു, അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനിയർ പി. രജീന എന്നിവർ പങ്കെടുത്തു.

സ്ഥലം വിട്ടുകൊടുക്കുന്ന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തി ടെൻഡർ ചെയ്തു നടപ്പാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.


Previous Post Next Post