ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി വിൽക്കരുത്; കോഴിക്കോട് കോർപ്പറേഷന്റെ ഉത്തരവ്



കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ  പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവയുടെ വിൽപ്പന ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തലാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്. പല കടകളിലും ഗ്ലേഷ്യൽ അസറ്റിക് ആസിഡ് മാനദണ്ഡ പ്രകാരമല്ലാതെ ഉപയോഗിക്കുന്നതായി ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ വകുപ്പും നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ നിന്ന് പിടിച്ചെടുത്ത കന്നാസുകളില്‍ ഉള്ളത് ഭക്ഷ്യയോഗ്യമല്ലാത്തതും തട്ടുകടകളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തതുമായ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് അശ്രദ്ധമായി കുപ്പിയില്‍ സൂക്ഷിച്ചത് കുടിച്ചതാണ് കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിയെ അവശ നിലിയിലാക്കിയതെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നിഗമനം. എന്നാല്‍ തട്ട് കടകളിലെ ഉപ്പിലിട്ട കുപ്പികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിരോധിത വസ്തുക്കളില്ലെന്നാണ് പരിശോധനാഫലം.

രണ്ട് തട്ട് കടകളില്‍ നിന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന ദ്രാവകം പരിശോധനക്ക് എടുത്തിരുന്നു. ഇതില്‍ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡാണെന്ന് കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തൊണ്ണൂറ്റി ഒന്‍പത് ശതമാനം ഗാഢ അസറ്റിക്ക് ആസിഡായ ഇത് കുടിച്ചാലോ ദേഹത്ത് വീണാലോ പൊള്ളല്‍ ഏല്‍ക്കും .അതിനാല്‍ തട്ടുകടയില്‍ അശ്രദ്ധമായി കുപ്പിയില്‍ സൂക്ഷിച്ച ഗ്ലേഷ്യല്‍ അസറ്റിക്ക് ആസിഡ് കുട്ടി കുടിച്ചെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ അനുമാനം.

ഗ്ലേഷ്യല്‍ ആസിഡ് നേരിട്ട് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുകയോ തട്ടുകടകളി‍ല്‍ സൂക്ഷിക്കുകയോ ചെയ്യരുത്. ഇത് നിയമ വിരുദ്ധമാണ്. വിനാഗിരി ആണെങ്കില്‍ പോലും നിശ്ചിത ഗുണ നിലവാരമുള്ളതേ ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കാവൂ. തട്ടുകടകളിലെ ഉപ്പിലിട്ടതിന്‍റെ കുപ്പികളില്‍ നിന്ന് മൂന്ന് സാമ്പിളുകളും പരിശോധനക്ക് അയച്ചിരുന്നു. ഇവയില്‍ പക്ഷെ അസറ്റിക് ആസിഡിന്‍റെയോ നിരോധിത വസ്തുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.


Previous Post Next Post