കൊച്ചി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരന്തരം സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടലുമായി കേരള ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എട്ട് പേരെ ഉടൻ നിയമിക്കണമെന്നാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയിലെ പുരോഗതി ഈ മാസം 23 ന് തന്നെ ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിലുമാണ് ഹൈക്കോടതി ഇടപെടൽ. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ഇവിടെ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടിപോയ ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവിനെ ഷൊർണൂരില്‍ വച്ച് പൊലീസ് കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചിരുന്നു. പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടിയും രക്ഷപ്പെട്ടിരുന്നു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികൾ.
നിലവില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാര്‍ത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്‍റിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഇന്‍ചാർജ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമാണ്. തർക്കമുണ്ടായ ഉടൻ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റിയെന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറയുന്നുണ്ട്. കൂടെ ഉണ്ടായിരുന്ന മഹാരാഷ്ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന ചോദ്യം ഉയർന്നു. സുരക്ഷാ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമായി തന്നെയാണ് ആരോഗ്യ വകുപ്പ് വിലയിരുത്തിയത്.