എയർ ഇന്ത്യ എക്സ്പ്രസ്: കോഴിക്കോട് –ജിദ്ദ സർവീസ് തുടങ്ങി


കരിപ്പൂർ:എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് –ജിദ്ദ സർവീസ് ആരംഭിച്ചു. കോഴിക്കോട്ടുനിന്ന് രാവിലെ 8.40ന് 165 യാത്രക്കാരുമായി ജിദ്ദയിലേക്ക് പുറപ്പെട്ടു. ഈ മാസം നാളെയും മറ്റന്നാളും 25, 27, 28 തീയതികളിലും സർവീസുകൾ ഉണ്ട്. നാളെയും മറ്റന്നാളും രാവിലെ 8.40നു പുറപ്പെട്ട് ജിദ്ദയിലെത്തി അവിടെനിന്നു രാത്രി 9.55നു കോഴിക്കോട് തിരിച്ചെത്തും വിധമാണു സർവീസ്. 25, 27, 28 തീയതികളിൽ പുലർച്ചെ 3.10നു കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന രീതിയിലാണു സർവീസുകൾ.

അടുത്ത മാസം ആഴ്ചയിൽ ചൊവ്വ ഒഴികെ എല്ലാ ദിവസവും സർവീസ് ഉണ്ട്. കോഴിക്കോട്ടുനിന്നു വൈകിട്ട് 4.25നു പുറപ്പെട്ട് 8.30നു ജിദ്ദയിലെത്തും. അവിടെനിന്നു രാത്രി 10നു പുറപ്പെട്ട് പുലർച്ചെ 6.10നു കോഴിക്കോട്ടെത്തും. കരിപ്പൂരിൽനിന്നു സൗദിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ റിയാദ് സർവീസ് നടത്തുന്നുണ്ട്. ജിദ്ദയിലേക്കുകൂടി സർവീസ് ആരംഭിച്ചതോടെ, സൗദിയിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഏറെ ആശ്വാസമാകും.


Previous Post Next Post