കോഴിക്കോട് : നഗരത്തിൽ ഉപ്പിലിട്ടത് വിൽക്കുന്നതിനുള്ള വിലക്ക് കോർപ്പറേഷൻ നീക്കി. മേയർ ഡോ. എം. ബീനാ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്തുവണ്ടിക്കച്ചവടക്കാരുടെ യോഗത്തിലാണ് തീരുമാനം. നിബന്ധനകൾ പാലിക്കുന്നവർക്ക് ഉപ്പിലിട്ടത് വിൽപ്പന നടത്താമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞദിവസം ഉപ്പിലിടാൻ ഉപയോഗിക്കുന്ന ആസിഡ് ലായനി കഴിച്ച് രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റതിനെത്തുടർന്ന് ഉപ്പിലിട്ടത് വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മേയർ കച്ചവടക്കാരുടെ യോഗം വിളിച്ചത്.
യോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ ഡോ. എസ്. ജയശ്രീ, പി. ദിവാകരൻ, പി.കെ. നാസർ, സെക്രട്ടറി കെ.യു. ബിനി എന്നിവർ പങ്കെടുത്തു.