കോഴിക്കോട്:ദേശീയ നഗര ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പുതുതായി ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് കോഴിക്കോട് കോര്‍പറേഷന്‍ പരിസരത്ത് മേയര്‍ ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും കോര്‍പറേഷന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാണെന്ന് മേയര്‍ പറഞ്ഞു. കോവിഡ് ചികിത്സാ സേവനങ്ങള്‍ക്ക് മാത്രമല്ല, വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത ഏതൊരാള്‍ക്കും സഹായകരമാവുന്ന തരത്തിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനമെന്നും മേയര്‍ വ്യക്തമാക്കി.
സൗജന്യ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റില്‍ ഒരു ഡോക്ടറും നഴ്സും ഉണ്ടായിരിക്കും. ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും യൂണിറ്റില്‍ സജ്ജമാണ്. ഹോം കെയറിനും വാക്‌സിനേഷന്‍ സേവനങ്ങള്‍ക്കും സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനും ഈ സൗകര്യം ഉപയോഗിക്കും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സേവനം ലഭിക്കുന്നതിനായി ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം നമ്പറായ 8590014934-ലോ കോര്‍പറേഷന്‍ കോവിഡ് കണ്‍ട്രോള്‍ സെല്‍ നമ്പറായ 0495 2311471-ലോ ജില്ലയിലെ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്
ഹെല്‍ത്ത് ഓഫീസര്‍ ഡോ. മിലു മോഹന്‍ദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.