കൂടരഞ്ഞി: മലയോര ഹൈവേയുടെ ഭാഗമായി കൂമ്പാറ ഭാഗത്ത് ടാറിങ് ആരംഭിച്ചു. കൂമ്പാറ മുതൽ കൽപിനി വരെയുള്ള ഭാഗങ്ങളിൽ ഒന്നാംഘട്ട ടാറിങ് ആണ് ആരംഭിച്ചത്. നേരത്തേ പുല്ലൂരാംപാറ മുതൽ കൂടരഞ്ഞി വരെയുള്ള ഭാഗങ്ങളിൽ ഭാഗികമായി ടാറിങ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെ ഉള്ള ഭാഗത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2020 ഓഗസ്റ്റ് 11ന് ആണ് നടന്നത്. രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്നാണ് നിർമാണ കരാർ.
34.3 കിലോമീറ്റർ നീളമുള്ള പാത 12 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. ബിഎംബിസി നിലവാരത്തിൽ ഏഴു മീറ്റർ വീതിയിലാണ് ടാറിങ്. ഇരുവശങ്ങളിലും ഓടകൾ, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നു പോകുന്നതിനുള്ള കോൺക്രീറ്റ് ചാൽ, നിശ്ചിത ദൂരം ഇടവിട്ട് ക്രോസ് ഡക്ട്, കാര്യേജ് വേ, പ്രധാന കവലകളിൽ പൂട്ടുകട്ട പാകിയ നടപ്പാതകൾ, സൗരോർജ വിളക്കുകൾ, സിഗ്നൽ ലൈറ്റുകൾ, വിശ്രമകേന്ദ്രങ്ങൾ, ബസ് ബേ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, കക്കാടംപൊയിലിൽ പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവ ഒരുക്കും.
155 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവൃത്തി കരാർ എടുത്തത്. മലയോര കുടിയേറ്റ നിവാസികളുടെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേക്കു നാട്ടുകാർ സ്ഥലം സൗജന്യമായി വിട്ടുനൽകുകയായിരുന്നു. ഏതാനും പേർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിയമ നടപടി പാതയുടെ നിർമാണത്തെ പ്രതികൂലമായി ബാധിച്ചില്ല.