കോഴിക്കോട് ബൈപ്പാസ് : ഏഴു മേൽപ്പാലങ്ങൾ, ആകെ നീളം 2.493 കിലോമീറ്റർ



കോഴിക്കോട് : ഏഴു മേൽപ്പാലങ്ങളാണ് രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ഉയരുന്നത്. 28.4 കിലോമീറ്റർ ആറുവരിപ്പാതയിൽ 2.493 കിലോമീറ്ററും മേൽപ്പാലങ്ങളായിരിക്കും.

എല്ലാ പ്രധാന ജങ്‌ഷനുകളിലും മേൽപ്പാലങ്ങൾ നിർമിക്കുന്നുണ്ട്. ഇതിനുപുറമേ അറപ്പുഴ, കോരപ്പുഴ, മാമ്പുഴ എന്നിവയ്ക്കുകുറുകെ പുതിയ നാല് വലിയപാലങ്ങൾ പണിയും. പുഴകൾക്ക് കുറുകെയുള്ള പാലങ്ങൾക്കെല്ലാമായി 1.09 കിലോമീറ്റർ നീളമുണ്ടാവും.

മേൽപ്പാലങ്ങൾ ഇങ്ങനെ


വെങ്ങളം ജങ്‌ഷൻ- നീളം 530 മീറ്റർ

കണ്ണൂർ റോഡ് കടന്നുപോകുന്ന ജങ്‌ഷനിൽ ഇരുവശത്തുനിന്നും തുല്യ അകലത്തിലാണ് ആറുവരിയിൽ പാലം നിർമിക്കുക. കണ്ണൂർ, വടകര, കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്നവർക്കാണ് പ്രയോജനം.


പൂളാടിക്കുന്ന് ജങ്ഷൻ- നീളം 540

കുറ്റ്യാടി-കോഴിക്കോട് റോഡ് മുറിച്ചു കടന്നുപോകുന്ന ജങ്ഷനിലാണ് പാലം നിർമിക്കുക. നിലവിൽ ജങ്ഷൻ അശാസ്ത്രീയമായി നിർമിച്ചതിനാൽ വാഹനാപകടങ്ങൾ പതിവാണ്. പാലം വരുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും.

തൊണ്ടയാട് ജങ്‌ഷൻ- നീളം 473

മാവൂർ റോഡ് മുറിച്ചു കടന്നുപോകുന്ന ഭാഗത്ത് നിലവിലുള്ള രണ്ടുവരിപ്പാലത്തിനോടുചേർന്നാണ് പുതിയത് നിർമിക്കുക. നേരത്തേ, രണ്ടുവരിപ്പാലം പണിതതിനാൽ പുതിയത് മൂന്നുവരിയിലേ നിർമിക്കാനാവൂ. ആറുവരിപ്പാതയാണെങ്കിലും ഇവിടെ പാലം അഞ്ചുവരിയിലേയുണ്ടാകൂ.

ഹൈലൈറ്റ് ജങ്‌ഷൻ- നീളം 690

ഹൈലൈറ്റ് മാൾ ജങ്ഷനും സൈബർ പാർക്കും ഉൾപ്പെടുന്നതിനാൽ ബൈപ്പാസിലെ ഏറ്റവുംനീളംകൂടിയ പാലമാണിത്. പാലം വരുന്നതോടെ പാലാഴിയിലേക്കും തിരിച്ച് പൊറ്റമ്മലിലേക്കുമുള്ള യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ പോവാം.

പന്തീരാങ്കാവ് ജങ്ഷൻ- നീളം 330

നഗരത്തിലെ ഗതാഗതക്കുരുക്കുള്ള മറ്റൊരിടമാണിത്. പെരുമണ്ണ, പുത്തൂർമഠം ഭാഗത്തേക്കും പൊക്കുന്ന്‌, മാങ്കാവ് ഭാഗത്തേക്കുമുള്ള യാത്രക്കാർക്ക് പാലം വരുന്നതോടെ ജങ്‌ഷൻ മുറിച്ചുകടക്കാൻ എളുപ്പമാകും.


അഴിഞ്ഞിലം ജങ്‌ഷൻ- നീളം 30 മീറ്റർ

ബൈപ്പാസിലെ ഏറ്റവും നീളംകുറഞ്ഞ പാലമാണിത്. ഫാറൂഖ് കോളേജിലേക്കും വാഴക്കാട്ടേക്കുമുള്ള യാത്രക്കാർക്ക് ഗതാഗതക്കുരുക്കില്ലാതെ ജങ്‌ഷനിൽക്കൂടി യാത്രചെയ്യാം.

രാമനാട്ടുകര ജങ്‌ഷൻ- നീളം 440 മീറ്റർ

കോഴിക്കോട് വിമാനത്താവളത്തിലേക്കും രാമനാട്ടുകരയിലേക്കുമുള്ള റോഡ് കടന്നുപോകുന്ന ജങ്‌ഷനിൽ നിലവിലുള്ള പാലത്തിനോടുചേർന്നാണ് പുതിയത് നിർമിക്കുക. ഇവിടെ നേരത്തേ രണ്ടുവരിപ്പാലം നിർമിച്ചതിനാൽ പുതുതായി മൂന്നുവരികൂടിയേ പണിയാനാവൂ.
Previous Post Next Post