
വളയം : വളയം-കല്ലാച്ചി റോഡ് പ്രവൃത്തി മാർച്ച് 31-ന് മുൻപേ പൂർത്തിയാക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയറുടെ ഓഫീസ് അറിയിച്ചു. റോഡ് പ്രവൃത്തി സംബന്ധിച്ച് നാട്ടുകാർ നൽകിയ പരാതിക്കുള്ള മറുപടി സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കാൻ വൈകിയതിന് കരാറുകാരനെ ടെർമിനേറ്റ് ചെയ്യാനുള്ള നിർദേശം ചീഫ് എൻജിനിയർ ഓഫീസ് നൽകിയിട്ടുണ്ട്. കരാറുകാരന് അവസാനംകൊടുത്ത സമയപരിധിക്കുള്ളിൽ പണി തീർന്നില്ലെങ്കിലാണ് നടപടിക്ക് ശുപാർശ.
കല്ലാച്ചി-വളയം പുതുക്കയം റോഡിന്റെ രണ്ടാമത്തെ റീച്ചായ ഓത്തിയിൽ മുക്ക് മുതൽ കുറുവന്തേരി മുക്കുവരെ മൂന്നരക്കിലോമീറ്റർ റോഡിന് മൂന്നരക്കോടി രൂപയാണ് സംസ്ഥാനസർക്കാർ അനുവദിച്ചത്. രണ്ടുവർഷംമുൻപ് ആരംഭിച്ച പ്രവൃത്തി കരാറുകാരന്റെ അനാസ്ഥമൂലം അനിശ്ചിതമായി നീളുകയായിരുന്നു. വളയം ടാക്കീസ്, ജാതിയേരി ടൗൺ പരിസരത്തുള്ള രണ്ടു കലുങ്ക് നിർമാണവും ഒരുകിലോമീറ്ററിൽ താഴെവരുന്ന അഴുക്കുചാൽ നിർമാണവും വളയം കയറ്റം കുറയ്ക്കുന്ന പ്രവൃത്തിയും മാത്രമാണ് നടന്നത്.
എല്ലാ വർഷകാലത്തും വെള്ളപ്പൊക്കം കാരണം ഗതാഗതം സ്തംഭിക്കുന്ന ജാതിയേരി മദ്രസാപരിസരത്തെ റോഡ് ഇതുവരെ ഉയർത്തിയിട്ടുമില്ല. മിക്കയിടത്തും ക്വാറി വേസ്റ്റ് പാകിയതിനാൽ കടുത്ത പൊടിശല്യം നാട്ടുകാരെ അലട്ടിയിട്ടുണ്ട്. ദിനംപ്രതി ബൈക്കുയാത്രക്കാരടക്കം ഒട്ടേറെപ്പേരാണ് അപകടത്തിൽപ്പെടുന്നത്. മേഖലയിൽനിന്ന് ഇരുനൂറിൽപ്പരം പരാതികൾ പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചെങ്കിലും കരാറുകാരനെ ടെർമിനേറ്റ് ചെയ്യാനുള്ള നടപടി ഒച്ചിഴയും വേഗത്തിലാണ് നടക്കുന്നത്.
എന്നാൽ, പ്രവൃത്തിയുടെ കാലാവധി ഉദ്യോഗസ്ഥർ ഇടയ്ക്കിടെ നീട്ടിനൽകുന്നുമുണ്ട്. റോഡിന്റെ ശോച്യാവസ്ഥ ഭരണകക്ഷികളായ സി.പി.എമ്മിനും സി.പി.ഐക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.