ബേപ്പൂർ തുറമുഖത്തെ ആഴം ഏഴുമീറ്ററാക്കും: ഇനി വരും വലിയ കപ്പലുകൾ

PHOTO BY:RINCY RAJ PHOTOGRAPHY

ബേപ്പൂർ: വലിയ കപ്പലുകൾക്ക്‌ വഴിയൊരുക്കാൻ ബേപ്പൂർ തുറമുഖത്തെ ആഴം ഏഴുമീറ്ററാക്കി വർധിപ്പിക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. തുറമുഖ വാർഫ്‌ ബേസിനിൽ അടിഞ്ഞുകൂടിയ മണ്ണ്‌ ഭൂരിഭാഗവും മാറ്റിക്കഴിഞ്ഞു. വൻ കപ്പലുകൾ ബേപ്പൂർ തുറമുഖത്തടുക്കണമെങ്കിൽ ഏഴുമീറ്ററെങ്കിലും ആഴം അനിവാര്യമാണ്‌. കേരള ഹൈഡ്രോഗ്രാഫിക്‌ സർവേ വിഭാഗം നടത്തിയ പരിശോധനയെത്തുടർന്നാണ്‌ വാർഫിൽ അടിഞ്ഞുകൂടിയ മണ്ണ്‌ കൊച്ചിയിലെ കമ്പനി അധികൃതർ മാറ്റാൻ നടപടി സ്വീകരിച്ചത്‌. 62 ലക്ഷംരൂപ ചെലവിൽ 12,700 ക്യൂബിക്‌ മീറ്റർ മണ്ണ്‌ നീക്കംചെയ്യാനാണ്‌ കേരള മാരിടൈം ബോർഡ്‌ കരാർ നൽകിയത്‌.

ബാർജിൽ എസ്കവേറ്റർ ഘടിപ്പിച്ച്‌ 30 മീറ്റർ വീതിയിൽ കോരിയെടുത്ത ചെളിയും മണ്ണും പുറംകടലിൽ മൂന്നു കിലോമീറ്റർ അകലെയാണ്‌ തള്ളിയത്‌. ഇപ്പോൾ ഇടത്തരം കപ്പലുകൾക്കും കണ്ടെയ്‌നർ കപ്പലുകൾക്കും അനായാസം തുറമുഖ വാർഫിൽ അടുക്കാൻ കഴിയുന്നുണ്ടെങ്കിലും കൂടുതൽ കണ്ടെയ്‌നറുകൾ കയറ്റിയ കപ്പലുകൾക്ക്‌ തുറമുഖ വാർഫ്‌ ബേസിനിൽ ഏഴുമീറ്റർ ആഴമുണ്ടെങ്കിലേ അടുക്കാൻ കഴിയുകയുള്ളൂ. വാർഫ്‌ ബേസിനിന്റെ ആഴം ഏഴുമീറ്ററാക്കി മാറ്റുന്നതിന്‌ തുടർപരിശോധന നടത്താൻ ഹൈഡ്രോഗ്രാഫിക്‌ സർവേ വിഭാഗത്തിന്‌ നിർദേശം ലഭിച്ചിട്ടുണ്ട്‌.


ബേപ്പൂർ തുറമുഖത്തെ ചെങ്കൽപ്പാറകളും മണ്ണും വർഷങ്ങൾക്കുമുമ്പ്‌ റോട്ടറി ഡയമണ്ട്‌ കട്ടർ ഉപയോഗിച്ച്‌ നീക്കംചെയ്തിരുന്നെങ്കിലും പഴയ വാർഫിന്‌ അഭിമുഖമായുള്ള നദീമുഖത്ത്‌ ഇനിയും ചെങ്കൽപ്പാറകൾ പൊട്ടിച്ചെടുക്കാനുണ്ട്‌.

തുറമുഖ മാസ്റ്റർപ്ലാൻ പുനരാവിഷ്കരിച്ച്‌ വികസനപ്രവർത്തനങ്ങൾ നടന്നാലേ ഫലപ്രാപ്തി കൈവരിക്കുകയുള്ളൂവെന്നാണ്‌ വിദഗ്ധർ പറയുന്നത്‌. ബേപ്പൂർ എം.എൽ.എ.കൂടിയായ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിന്റെ സാന്നിധ്യത്തിൽ ചേർന്ന തുറമുഖവികസന അവലോകനചർച്ചയിൽ തുറമുഖം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഓരോന്നായി പരിഗണിക്കുകയും അതിന്‌ പരിഹാരനടപടികൾ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്‌.


ബേപ്പൂർ-മംഗളൂരു തുറമുഖങ്ങളെ ആശ്രയിച്ചാണ്‌ ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം നടക്കുന്നത്‌. ബേപ്പൂരിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവുകൊണ്ടാണ്‌ ദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരുവിലേക്ക്‌ മാറ്റാൻനോക്കുന്നതെന്നാണ്‌ പറയുന്നത്‌. നേരത്തേ ലക്ഷദ്വീപിനുമാത്രമായി പാസഞ്ചർ-കം-കാർഗോ ടെർമിനൽ 70 കോടി ചെലവിൽ നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പദ്ധതിയിൽനിന്ന്‌ കേന്ദ്രം പിൻമാറുകയായിരുന്നു. ഇത്‌ തുറമുഖത്തിന്‌ വൻ തിരിച്ചടിയായി.തുറമുഖത്തേക്ക്‌ വിദേശത്തുനിന്ന്‌ ചരക്കുകളെത്തിക്കാൻ പോർട്ട്‌ ഓഫീസർ ക്യാപ്‌റ്റൻ അശ്വനി പ്രതാപിന്റെ നേതൃത്വത്തിൽ ശ്രമം നടന്നുവരുന്നുണ്ട്‌.
Previous Post Next Post