കോഴിക്കോട്:വർഷങ്ങളായുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായി കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള 28.4 കിലോമീറ്ററിൽ പാതയുടെ ഇരുഭാഗത്തും മണ്ണിട്ടുയർത്തൽ നടക്കുന്നുണ്ട്. മേയ് 31-നു മുമ്പായി മണ്ണിട്ടുയർത്തൽ പൂർത്തിയാക്കുമെന്നാണ് കരാറുകാരായ കെ.എം.സി. കൺസ്ട്രക്ഷൻസ് പറയുന്നത്.
പ്രവൃത്തി വേഗത്തിൽ നടന്നാൽ മൂന്നു വർഷത്തിനുള്ളിൽ ആറുവരിപ്പാത യാഥാർഥ്യമാവും. തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകൾക്കുപുറമെ അഞ്ച് പുതിയ മേൽപ്പാലങ്ങൾകൂടെ വരുന്നതോടെ ഗതാഗതക്കുരുക്കില്ലാപാതയായി ബൈപ്പാസ് മാറുമെന്നാണ് പ്രതീക്ഷ. രണ്ട് മേൽപ്പാലങ്ങളുടെ രൂപരേഖയ്ക്ക് ദേശീയപാത അതോറിറ്റി അംഗീകാരം നൽകിക്കഴിഞ്ഞു. അതിന്റെ പൈലിങ്ങും ആരംഭിച്ചു.
പുഴയ്ക്കു കുറുകെയുള്ള പാലങ്ങളുടെ പൈലിങ്ങും തുടങ്ങി. ബൈപ്പാസിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശത്തുകാർക്ക് മുറിച്ചുകടക്കാനായി നാലു അടിപ്പാതകൾ നിർമിക്കുന്നുണ്ട്. മലാപ്പറമ്പ്, വേങ്ങരി ജങ്ഷനുകളിൽ ബൈപ്പാസ് ഭൂഗർഭപാതയായാണ് കടന്നുപോവുക. 16 ഇടങ്ങളിൽ കാൽനടയാത്രക്കാർക്ക് മുറിച്ചുകടക്കാനുള്ള അടിപ്പാതയുമുണ്ടാവും. പദ്ധതിയുടെ അഞ്ചുശതമാനമേ ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളു.
ചിലയിടങ്ങളിൽ പ്രവൃത്തിക്കെതിരേ പരാതിയുമുയർന്നിട്ടുണ്ട്. ക്വാറികൾക്കും മണ്ണെടുക്കാനും അനുമതികിട്ടാത്തതിനാൽ പ്രവൃത്തി വൈകുന്നുണ്ടെന്നാണ് കരാറുകാർ പറയുന്നത്. പാലോറമലയിൽ കോൺക്രീറ്റ് മിക്സിങ്ങിനും മറ്റുമുള്ള ക്യാമ്പ് പ്രവർത്തിപ്പിക്കുന്നതിനെതിരേയും എതിർപ്പുണ്ട്. കുടിവെള്ളപൈപ്പുകൾ മാറ്റാനുള്ള എസ്റ്റിമേറ്റിന് ജല അതോറിറ്റിയുടെ അനുമതി കിട്ടാത്തതിനാൽ ഇതുവരെ അവമാറ്റാൻ കഴിഞ്ഞിട്ടില്ല.
ഒരു ദിവസം പതിനായിരം വാഹനങ്ങൾക്ക് കടന്നുപോവാനുള്ള ശേഷിയേ ഇപ്പോഴത്തെ രണ്ടുവരിപ്പാതയ്ക്കുള്ളു. പക്ഷേ പ്രതിദിനം 37,200 വാഹനങ്ങളാണ് കടന്നുപോവുന്നതെന്നാണ് നാറ്റ്പാക്കിന്റെ കണക്ക്. വാഹനത്തിരക്ക് കൂടുന്നത് അപകടത്തിനുമിടയാക്കുന്നുണ്ട്. ബൈപ്പാസ് നിർമിച്ച് ഏഴുവർഷംകൊണ്ട് 140 ജീവനുകളാണ് പൊലിഞ്ഞത്.