നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: നാലു മാസത്തോളം നീളുന്ന നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ 'വ്യാപാരോത്സവം 2022' മിഠായിത്തെരുവിൽ തുടക്കമായി. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിന്റെ സാദ്ധ്യതയാണ് മിഠായിത്തെരുവിലെ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലെന്ന് മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയിൽ നിന്നുള്ള തിരിച്ചുവരവിന് ഇത് ഊർജ്ജം നൽകും. നൈറ്റ് ലൈഫും ഫുഡ് സ്ട്രീറ്റും സ്ഥിരമായി ഉണ്ടാവുകയും ഉത്സവ പ്രതീതി സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു. കൗൺസിലർ എസ്.കെ.അബൂബക്കർ, വ്യാപാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെസ്റ്റിവൽ ജൂലായ് 16 വരെ നീളും.
വ്യാപാരികൾക്കു പുറമെ വഴിയോര കച്ചവടക്കാരും ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കാളികളാവും. മികച്ച ഡിസ്‌കൗണ്ടോടെയായിരിക്കും വില്പന. 250 രൂപയ്ക്ക് മുകളിലുള്ള എല്ലാ വിൽപ്പനയ്ക്കും സമ്മാനക്കൂപ്പൺ നൽകും. നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും മെഗാ സമ്മാനങ്ങളും ലഭിക്കും. എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി 12 വരെ കച്ചവടസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.