
മന്ത്രി എ.കെ. ശശീന്ദ്രൻ കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗം
എലത്തൂർ : കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പ്രവൃത്തി വേഗത്തിലാക്കാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. ഓഗസ്റ്റിൽ പ്രാരംഭപ്രവൃത്തി തുടങ്ങും.
പുഴയിൽനിന്ന് ശേഖരിക്കുന്ന മണലിന്റെ ഗുണനിലവാരം പരിശോധിച്ച് ലേലംചെയ്ത് വില്ക്കും. പ്രവൃത്തിയുടെ ഹൈഡ്രോ ഗ്രാഫിക് സർവേ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചതായി എക്സിക്യുട്ടീവ് എൻജിനിയർ യോഗത്തെ അറിയിച്ചു. പുതിയ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തതോടെയാണ് പദ്ധതി വേഗത്തിലാക്കാൻ മന്ത്രി യോഗംവിളിച്ചത്.
നേരത്തെ ടെൻഡർ വിളിച്ച കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയ ശേഷം റീടെൻഡർ നടപടികളിലൂടെയാണ് പുതിയ കരാർ ഉറപ്പിച്ചത്. ജലസേചനവകുപ്പിനെതിരേ ആദ്യകരാർ കമ്പനി മൂന്നുതവണ കോടതിയെ സമീപിച്ചിരുന്നു.
2019 നവംബറിലായിരുന്നു ആദ്യ ടെൻഡർ നടന്നത്. കോരപ്പുഴ റെയിൽവേപാലം മുതൽ അഴിമുഖംവരെ അടിഞ്ഞുകൂടിയ മണലുംചളിയും നീക്കി പുഴയുടെ ഒഴുക്ക് വീണ്ടെടുക്കാനാണ് പദ്ധതിവന്നത്.
കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, കോർപ്പറേഷൻ കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ, ജലസേചനവകുപ്പ് ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനിയർ ബാലകൃഷ്ണൻ മണ്ണാറക്കൽ, എക്സിക്യുട്ടീവ് എൻജിനിയർ ഷാലു സുധാകരൻ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ടി.എ. അജിത, അസിസ്റ്റന്റ് എൻജിനിയർമാരായ പി. സരിൻ, പി.പി. നിഖിൽ എന്നിവർ പങ്കെടുത്തു.