
കുറ്റ്യാടി∙ ജലസേചന പദ്ധതിയുടെ വലതുകര കനാൽ മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി കെ.സി. മുക്കിൽ തകർന്ന ഭാഗം പുനർനിർമിച്ചു. കനാൽ തുറക്കുകയും ചെയ്തു. കഴിഞ്ഞ 14ന് അർധരാത്രിയാണ് 50 വർഷത്തിലേറെ പഴക്കമുള്ള കനാൽ തകർന്നത്. ഏക്കർ കണക്കിന് കൃഷിസ്ഥലം ഒലിച്ചു പോയി. 5 വീടുകൾക്ക് കേടുപറ്റുകയും ചെയ്തു.
അടിയന്തര പ്രാധാന്യത്തോടെ 3 ആഴ്ച കൊണ്ടാണ് ഊരാളുങ്കൽ സൊസൈറ്റി കനാൽ പുനർനിർമാണം നടത്തിയത്. 20 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇടിഞ്ഞ ഭാഗം മണ്ണിട്ട് ഉയർത്തിയ ശേഷം 60 സെന്റീമീറ്റർ വിസ്താരമുള്ള 11 പൈപ്പുകൾ ഉപയോഗിച്ചാണ് കനാൽ പണി പൂർത്തിയാക്കിയത്. കൃഷിക്കും കുടിവെള്ളത്തിനും അത്യാവശ്യമായതു കൊണ്ടാണ് താൽക്കാലികമായി കനാൽ അറ്റകുറ്റപ്പണികൾ നടത്തിയത്. മഴക്കാലത്ത് ഇവിടെ കനാൽ കോൺക്രീറ്റ് ബലപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
കനാൽ തകർന്ന് ജലവിതരണം നിലച്ചതോടെ വടകര താലൂക്കിൽ കനാൽ പോകുന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. വെള്ളമില്ലാതെ ഏക്കർ കണക്കിന് സ്ഥലത്തെ നെൽക്കൃഷി നശിക്കുകയും ചെയ്തു.
Tags:
Canal